പത്തനംതിട്ട: വെട്ടിപ്രത്ത് എസ്പി ഓഫീസിന് സമീപം മധ്യവയസ്കനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മേക്കഴൂർ സ്വദേശി കോശി തോമസിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. എസ്പി ഓഫീസിന് സമീപം താഴെവെട്ടിപ്രത്തെ തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. തലയിലും കൈകാലുകളിലും മുറിവേറ്റ നിലയിലായിരുന്നു. കൊലപാതകമാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
വീടുമായി വലിയ ബന്ധം പുലർത്താത്ത ജോണി എന്ന കോശി തോമസ് നഗരത്തിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നയാളായിരുന്നു. മൃതശരീരത്തിന് സമീപത്ത് നിന്ന് മദ്യകുപ്പികൾ കണ്ടെത്തിയിട്ടുണ്ട്. ഫോറൻസിക് സംഘമെത്തി പരിശോധന നടത്തി. ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ ടൗൺ പൊലീസ് അന്വേഷണം ആരംഭിച്ചു.