പത്തനംതിട്ട: വീട്ടുമുറ്റത്ത് കടപ്പാക്കല്ല് പാകുന്നതിന് പണം വാങ്ങി തട്ടിപ്പ് നടത്തിയ പ്രതി പിടിയില്‍. തൃശൂർ മുകുന്ദപുരം കൊടകര കാവുംതറ കളപ്പുരയ്ക്കൽ ശിവദാസൻ കെ.കെ (44) ആണ് റാന്നി പൊലീസിന്റെ പിടിയിലായത്. മുമ്പ് ഭാര്യയെയും കാമുകനെയും തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് ഇയാൾ.
റാന്നി പഴവങ്ങാടി ചെല്ലക്കാട് തേരിട്ടമട കുളമടയിൽ ചെറിയാനിക്കുഴിയിൽ രാജൻ എബ്രഹാം (62) എന്നയാളുടെ പരാതിയില്‍ കേസെടുത്താണ് അറസ്റ്റ്. രാജന്റെയും സുഹൃത്ത് ടൈറ്റസ് മാത്യുവിന്റെയും കയ്യിൽ നിന്നും വീടിന്റെ മുറ്റം കടപ്പാക്കല്ല് പാകാമെന്നു വാക്കുകൊടുത്ത് നാല് ലക്ഷയോളം രൂപ വാങ്ങിയ ശേഷം പണി പൂർത്തിയാക്കിയില്ല എന്നതാണ് പരാതി. കഴിഞ്ഞവർഷം ഡിസംബർ 31 ന് രാജന്റെ അക്കൗണ്ടിൽ നിന്നും ഒരു ലക്ഷം രൂപയും, ഈ വർഷം ഫെബ്രുവരി 27 ന് പണമായും 1,10000 രൂപയും, പിന്നീട് സുഹൃത്തിന്റെ ബാങ്ക് അക്കൗണ്ടിലൂടെ 2022 ഫെബ്രുവരി മൂന്നിന് ഒരു ലക്ഷം രൂപയും കൈപ്പറ്റിയ പ്രതി പണി പൂർത്തിയാക്കാതെ മുങ്ങുകയായിരുന്നു.
ജൂൺ ഒന്നിന് റാന്നി പൊലീസിൽ മൊഴി നൽകിയതിനെ തുടർന്ന് രജിസ്‌റ്റർ ചെയ്ത കേസില്‍ പ്രതിക്കായുള്ള തിരച്ചിൽ പൊലീസ് ഊർജ്ജിതമാക്കിയിരുന്നു. തുടർന്ന് ജില്ലാ പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ ഫോൺ ലൊക്കേഷൻ തിരിച്ചറിഞ്ഞ ഇൻസ്‌പെക്‌ടർ എം.ആർ സുരേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇന്നലെ കൊടകരയിൽ നിന്നുമാണ് ഇയാളെ കസ്‌റ്റഡിയിലെടുത്തത്. സ്‌റ്റേഷനിലെത്തിച്ചുള്ള വിശദമായ ചോദ്യംചെയ്യലിനൊടുവില്‍ രാത്രി അറസ്‌റ്റ് രേഖപ്പെടുത്തി. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഇത്തരത്തിൽ പണം വാങ്ങി പണി ചെയ്യാതെ തട്ടിപ്പ് നടത്തിയതായും ഇയാൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു.
അതേസമയം, 2017 ൽ നടത്തിയ ഇരട്ടക്കൊലപാതകത്തെക്കുറിച്ചും പ്രതി വെളിപ്പെടുത്തി. ഭാര്യയെയും കാമുകനെയും തലയ്ക്കടിച്ചു കൊന്നതിന് എറണാകുളം കുറുപ്പംപടി പൊലീസ് സ്‌റ്റേഷനിൽ ഇയാള്‍ക്കെതിരെ കേസ് നിലവിലുണ്ട്. നിലവില്‍ രണ്ടുമക്കളുമൊത്ത് കൊടകരയിൽ താമസിച്ചുവരികയാണ് ഇയാൾ. കേരളത്തിൽ അങ്ങോളമിങ്ങോളം യാത്ര ചെയ്ത് കടപ്പാക്കല്ല് പാകുന്ന പണി കോൺട്രാക്‌ട് എടുത്ത് നടത്തുമെന്ന് നോട്ടീസ് പരസ്യം ചെയ്തുവന്ന ഇയാൾ റാന്നിയിൽ ഒരു പള്ളിയിൽ ഇത്തരത്തിൽ പണി ചെയ്ത് വിശ്വാസ്യത നേടിയിരുന്നു.
മാത്രമല്ല ഒരുപാട് പേർ ഇയാളുടെ തട്ടിപ്പിന് ഇരയായതായും പറയപ്പെടുന്നു. ഇക്കാര്യങ്ങളിൽ വിശദമായ അന്വേഷണം നടത്താൻ ജില്ലാ പൊലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐപിഎസ് നിർദേശം നൽകി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.