പത്തനംതിട്ട: അടൂർ എംസി റോഡിൽ പെട്രോൾ ടാങ്കർ വാനുമായി കൂട്ടിയിടിച്ച് മറിഞ്ഞ് അപകടം. കിളിവായാൽ ജങ്‌ഷന് സമീപം ഇന്ന് ഉച്ചയ്ക്ക് 12.50നായിരുന്നു സംഭവം. വാൻ ഡ്രൈവർക്കും ടാങ്കറിൽ ഉണ്ടായിരുന്നവർക്കും പരിക്കേറ്റു.
പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊട്ടാരക്കര ഭാഗത്തുനിന്നും വരികയായിരുന്ന ടാങ്കറിൽ 12,000 ലിറ്റർ പെട്രോൾ ഉണ്ടായിരുന്നെന്ന് ഫയർ ഫോഴ്‌സ് അറിയിച്ചു. റോഡിന് നടുവിൽ മറിഞ്ഞ ടാങ്കറിൽ നിന്നും ഇന്ധനം ചോര്‍ന്നത് പ്രദേശവാസികളില്‍ പരിഭ്രാന്തി സൃഷ്‌ടിച്ചു.
വിവരമറിഞ്ഞ് അടൂർ ഫയർഫോഴ്‌സ് ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ടാങ്കറിൽ നിന്നും പെട്രോൾ മറ്റൊരു വാഹനത്തിലേക്ക് നീക്കി. അടൂരിന് പുറമെ കൊട്ടാരക്കര, പത്തനംതിട്ട ഫയർ സ്റ്റേഷനുകളിൽ നിന്നുമുള്ള അഗ്നിശമന സേന യൂണിറ്റുകളും സ്ഥലത്തെത്തി. പാരിപ്പള്ളി ബോട്ട്ലിങ് പ്ലാന്‍റില്‍ നിന്ന് റെസ്‌ക്യൂവാനും സ്പെയര്‍ വെഹിക്കിളും സംഭവ സ്ഥലത്ത് എത്തിയിരുന്നു.
റോഡരികിലെ ഒരു വീടിന്‍റെ മതിൽ തകർത്താണ് ടാങ്കര്‍ മറിഞ്ഞത്. വീടിനു പുറത്ത് ആരും ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. അപകടത്തെ തുടർന്ന് ഏഴ് മണിക്കൂറിലധികം എംസി റോഡിൽ ഗതാഗതം തടസപ്പെട്ടു. ഇരുദിശയിൽ നിന്നുമുള്ള വാഹനങ്ങൾ വഴിതിരിച്ചു വിടുകയായിരുന്നു.