പത്തനംതിട്ട: ലോക്‌ഡൗണിൽ വിശ്രമമില്ലാത്ത ജോലിക്കിടയിൽ കാക്കി ഊരിവെച്ച് കൈലിയുമുടുത്ത് കൃഷിയിടത്തിലേക്കിറങ്ങിയ പൊലീസ് ഉദ്യോഗസ്ഥർക്ക് ലഭിച്ചത് നൂറ്‌മേനി വിളവ്. കാടുകയറിക്കിടന്ന പൊലീസ് ക്വാർട്ടേഴ്‌സ് മൈതാനം വൃത്തിയാക്കിയാണ് കൃഷിവകുപ്പിന്‍റെ സഹായത്തോടെ പൊലീസ് ഉദ്യോഗസ്ഥർ കൃഷി തുടങ്ങിയത്. പച്ചക്കറി വിത്തും ഗ്രോബാഗും കൃഷിവകുപ്പ് നൽകി. ജോലി കഴിഞ്ഞെത്തുന്നവർ മാറി മാറി വെള്ളവും വളവും നൽകി. കോവൽ, പയർ, വെണ്ട, ചീര, വഴുതന തുടങ്ങിയ പച്ചക്കറിയിനങ്ങളും കപ്പ, വാഴ എന്നിവയും ഇവിടെ കൃഷി ചെയ്തിരുന്നു.
പന്തളം സിഐ ഇഡി ബിജുവാണ് ആദ്യം വാഴയും കപ്പയും നട്ട് കൃഷി തുടങ്ങിയത്. പിന്നീട് എസ്ഐ കെ രാജേന്ദ്രൻ, എഎസ്ഐ ആർ പ്രകാശ്, സിവിൽ പൊലീസ് ഓഫീസർമാരായ റൂബി, ഷൈൻ എന്നിവർ ചേർന്നാണ് കൃഷി ചെയ്തിരിക്കുന്നത്. കൃഷി ഓഫീസർ ശ്യാം കുമാർ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. കൃഷി അസിസ്റ്റന്‍റ് ബിന്ദു, ഫീൽഡ് അസിസ്റ്റന്‍റ് ഷംല, പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.