പത്തനംതിട്ട: ചലച്ചിത്ര നിര്‍മാതാവും പാചക വിദഗ്‌ധനുമായ നൗഷാദിന്‍റെ സംസ്‌കാരം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്താന്‍ ഉത്തരവ്. സംസ്‌കാര ചടങ്ങില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി ഉറപ്പു വരുത്തണമെന്ന് നിര്‍ദേശിച്ച് ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണും ജില്ല കലക്‌ടറുമായ ഡോ. ദിവ്യ എസ് അയ്യര്‍ ഉത്തരവിറക്കി.
കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി ഉറപ്പാക്കുന്നതിന് ഇന്‍സിഡന്‍റ് കമാന്‍ഡറും തിരുവല്ല തഹസിദാരും എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് ആയി പ്രവര്‍ത്തിക്കും. മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചു കൊണ്ട് പാസ് നല്‍കി ഓരോരുത്തരെ വീതം നിയന്ത്രിച്ച് പരമാവധി 40 പേരെ ഭൗതിക ശരീരം സൂക്ഷിച്ചിരിക്കുന്ന സ്ഥലത്ത് പ്രവേശിപ്പിക്കാന്‍ അനുവദിക്കുമെന്നും ഉത്തരവില്‍ പറയുന്നു. നൗഷാദിന്‍റെ സംസ്‌കാര ചടങ്ങില്‍ ലോക്ക്ഡൗണ്‍ ഇളവ് അനുവദിക്കണമെന്ന് ചലച്ചിത്ര സംവിധായകന്‍ ബ്ലെസി അഭ്യര്‍ഥിച്ചിരുന്നു.
തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയില്‍ വച്ച് വെള്ളിയാഴ്‌ച രാവിലെയായിരുന്നു നൗഷാദിന്‍റെ അന്ത്യം. അപകടകരമായ നിലയില്‍ പ്രമേഹവും പ്രഷറും ഉയരുകയും ആന്തരികാവയവങ്ങളില്‍ വ്രണം ഉണ്ടാവുകയും ചെയ്‌തതിനെ തുടര്‍ന്ന് ഒരു മാസത്തോളമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളായ കാഴ്‌ച, ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടര്‍, ലയണ്‍, പയ്യന്‍സ്, സ്‌പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവാണ് നൗഷാദ്.
Read more: പ്രാർത്ഥനകളെല്ലാം വിഫലം; നൗഷാദ് അന്തരിച്ചു