പത്തനംതിട്ട: കോട്ടയം പാലാ ഭരണങ്ങാനം സ്വദേശി അമല്‍ അഗസ്റ്റിനെയാണ് ഇലവുംതിട്ട പൊലീസ് പിടികൂടിയത്.
പത്തനംതിട്ട നെടിയകാല താന്നിമൂട്ടില്‍ സരസമ്മ (87)യുടെ ഒന്നര പവന്‍റെ മാലയാണ് കഴിഞ്ഞ 23 ന് വൈകിട്ട് ഇയാള്‍ മോഷ്‌ടിച്ചത്(Murder Attempt And Theft Accused Arrested). ഓണ്‍ലെെൻ റമ്മി കളിച്ചതിലൂടെ ഇയാള്‍ക്ക് മൂന്ന് ലക്ഷം രൂപ നഷ്ടമായിരുന്നു. ആ പണം വീണ്ടെടുക്കാനാണ് കവര്‍ച്ച നടത്തിയത്. സ്ത്രീകള്‍ ഒറ്റയ്ക്ക് കഴിയുന്ന വീടുകളും കടകളും ഇയാള്‍ ലക്ഷ്യം വച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു.
ഹീറോ പ്ലഷര്‍ സ്‌കൂട്ടറില്‍ ചുറ്റിക്കറങ്ങിയാണ് മോഷണത്തിന് ശ്രമിച്ചത്. പത്തനംതിട്ടയിൽ പിതാവുമൊത്ത് താമസിക്കുന്ന വാടകവീട്ടില്‍ നിന്ന് 35,000 രൂപ ഇയാള്‍ മോഷ്ടിച്ചിരുന്നു. ഓടു പൊളിച്ചാണ് മോഷണം നടത്തിയത്. ഇത് മറ്റാരോ മോഷ്ടിച്ചതാണെന്ന് വരുത്തി തീര്‍ക്കുകയും ചെയ്തു. ആ പണവും റമ്മി കളിച്ച് നഷ്ടമായിരുന്നു. തുടര്‍ന്നാണ് പണം കണ്ടെത്താൻ പുറത്തിറങ്ങി മോഷണത്തിനു പദ്ധതിയോട്ടത്.
ഇതിനായി നിരീക്ഷണം നടത്തി വരുമ്പോഴാണ് മുടവനാല്‍ ധാന്യപ്പൊടി മില്ലിന് അടുത്തുള്ള വീട്ടിലെ വയോധിക തനിച്ചാണെന്ന് മനസിലാക്കിയത്. ഇവരുടെ കഴുത്തില്‍ സ്വര്‍ണമാലയും കണ്ടു. തുടര്‍ന്ന് വീട്ടില്‍ അതിക്രമിച്ചു കയറിയ ഇയാള്‍ കഴുത്തില്‍ കത്തി വച്ച ശേഷം മാല പൊട്ടിച്ചെടുക്കുകയായിരുന്നു. പിടിവലിക്കിടയില്‍ വയോധിക മറിഞ്ഞ് വീണ് പരുക്കേല്‍ക്കുകയും ചെയ്‌തു.
മാലയും പൊട്ടിച്ച് പ്രതി ബൈക്കില്‍ കടന്നു കളഞ്ഞു. ഹെല്‍മറ്റും മാസ്‌കും ധരിച്ചതിനാല്‍ മോഷ്ടാവിനെക്കുറിച്ച് ആദ്യം സൂചനകളൊന്നും ലഭിച്ചിരുന്നില്ല. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പ്ലഷര്‍ സ്‌കൂട്ടര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കൂറിച്ച് സൂചന ലഭിച്ചത്. കസ്റ്റഡിയില്‍ എടുത്ത പ്രതി കുറ്റം സമ്മതിച്ചു.
ചെങ്ങന്നൂരുള്ള സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ 20,000 രൂപയ്ക്ക് പണയം വച്ച സ്വര്‍ണമാല കണ്ടെടുത്തു. ഇയാൾ സ്വന്തം നാട്ടിൽ കടംവാങ്ങി റമ്മി കളിച്ച് പണം നഷ്ട്ടായിരുന്നു. തുടർന്നാണ് പിതാവ് ടാപ്പിങ് ജോലി ചെയ്യുന്ന പൈവഴിയിലെ വീട്ടില്‍ എത്തിയത്. ഇന്‍സ്‌പെക്ടര്‍ ടി.കെ. വിനോദ് കൃഷ്‌ണന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.