പത്തനംതിട്ട : സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തിൽ കുറവുവന്ന സാഹചര്യത്തിൽ ശബരിമലയിൽ കൂടുതൽ ഇളവുകൾ അനുവദിച്ചു. മണ്ഡല-മകരവിളക്ക് ഉത്സവത്തിന് ഭക്തർക്ക് നേരിട്ട് രാവിലെ 7 മണി മുതൽ 12 മണി വരെ നെയ്യഭിഷേകം നടത്താൻ അനുമതി നൽകാൻ തീരുമാനിച്ചതായി ദേവസ്വം വകുപ്പ് മന്ത്രിയുടെ ഓഫിസ് അറിയിച്ചു.
സന്ദർശനം നടത്തുന്ന പ്രതിദിന ഭക്തരുടെ എണ്ണം 60,000 ആയി ഉയർത്താനും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തീർഥാടകർക്കായി കാനനപാത വഴിയുള്ള യാത്ര അനുവദിക്കാനും ഉത്തരവായിട്ടുണ്ട്. ദർശനത്തിന് വലിയ തിരക്കാണ് ഇപ്പോൾ അനുഭവപ്പെടുന്നത്.
Also Read: Kerala Covid Updates : സംസ്ഥാനത്ത് 2995 പേര്‍ക്ക് കൂടി കൊവിഡ് ; 4160 പേര്‍ക്ക് രോഗമുക്തി
ഞായറാഴ്‌ച ഉച്ചയ്ക്ക് ശേഷം നെയ്യഭിഷേകത്തിനുള്ള നെയ്യൊരുക്കുമ്പോൾ സന്നിധാനത്ത് വൻ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. ഇതുവരെ 8,11,235 തീർഥാടകരാണ് ശബരിമലയിൽ ദർശനം നടത്തിയത്.