പത്തനംതിട്ട: സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് വീട്ടില്‍ അതിക്രമിച്ച് കയറി തോക്കുപയോഗിച്ച് ഭീഷണിപ്പെടുത്തിയ പ്രതികള്‍ അറസ്‌റ്റില്‍. ഇടുക്കി തൊടുപുഴ ഈസ്റ്റ് കാഞ്ഞിരമറ്റം സ്വദേശികളായ ജെയ്‌സൺ ജോസഫ് (49), ഗിരീഷ് കുമാർ (40) എന്നിവരെയാണ് മൂഴിയാർ പൊലീസ് പിടികൂടിയത്. ഞായറാഴ്‌ചയാണ് (07-08-2022) പ്രതികളായ രണ്ടംഗ സംഘം സീതത്തോട് സ്വദേശി ചന്ദ്രകുമാറിന്‍റെ വീട്ടില്‍ അതിക്രമിച്ച് കയറി ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചത്.
കേസില്‍ ഒന്നാം പ്രതിയായ ജെയ്‌സൺ ജോസഫിന്‍റെ കൈവശമുണ്ടായിരുന്ന റിവോള്‍വറിന് മതിയായ രേഖകളുണ്ടായിരുന്നില്ല. സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള ചര്‍ച്ച വാക്കേറ്റത്തില്‍ കലാശിക്കുകയും, പിന്നാലെ ചെറിയ സംഘര്‍ഷത്തിേക്ക് നീങ്ങുകയുമാണുണ്ടായതെന്ന് പൊലീസ് അറിയിച്ചു. മദ്യലഹരിയിലായിരുന്ന പ്രതികളെ വൈദ്യപരിശോധനയ്‌ക്ക് ശേഷമാണ് സ്‌റ്റേഷനിലെത്തിച്ചത്.
ഗൃഹനാഥന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പൊലീസ് പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു. ഒന്നാം പ്രതി ജെയ്‌സണ്‍ ജോസഫിന്‍റെ കൈവശമുണ്ടായിരുന്ന തോക്കും പൊലീസ് കസ്‌റ്റഡിയിലെടുത്തു.