പത്തനംതിട്ട : ഏഴംകുളം നെടുമണിൽ മധ്യവയസ്‌കനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ് (Middle-Aged Man Killed In Ezhamkulam). അടൂർ ഏഴംകുളം നെടുമൺ ഓണവിള പുത്തൻ വീട്ടിൽ അനീഷ് ദത്തന്‍റെ (52) മരണമാണ് കൊലപാതകമെന്ന് തെളിഞ്ഞത്. സംഭവത്തിൽ അനീഷ് ദത്തന്‍റെ ഇളയ സഹോദരൻ മനോജ് ദത്തൻ (ജോജോ-46), വാണേക്കാട് പള്ളി ബിനു ഭവനിൽ ബിനു (42) എന്നിവരെ അടൂർ പൊലീസ് അറസ്റ്റ് ചെയ്‌തു.
ചൊവ്വാഴ്‌ച (ഒക്‌ടോബർ 24) പുലർച്ചെ രണ്ടിനാണ് അനീഷ് ദത്തനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത് (Ezhamkulam Murder Case). തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. തിങ്കളാഴ്‌ച രാത്രി മൂന്ന് പേരും ചേർന്ന് വീട്ടിലിരുന്ന് മദ്യപിച്ചിരുന്നു. പിന്നാലെ ഇവർ തമ്മിൽ പരസ്‌പരം വഴക്കും അടിപിടിയും ഉണ്ടായതായി അനീഷിന്‍റെ അമ്മ ശാന്തമ്മ അന്വേഷണ സംഘത്തിന് മൊഴിനൽകി. ഇതിന്‍റെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിലാണ് അറസ്റ്റ്.
പിറ്റേന്ന് പുലര്‍ച്ചെ രണ്ടിന് ശാന്തമ്മയാണ് വീട്ടിലെ മുറിയിൽ നിലത്ത് അനീഷിനെ ചലനമറ്റ നിലയിൽ കണ്ടത്. അനീഷും അമ്മയും സഹോദരനും മാത്രമാണ് വീട്ടിൽ താമസം. സംഭവ ദിവസം ഒരുമിച്ചിരുന്ന് മദ്യപിച്ച ബിനുവും ഇവിടെ തന്നെയാണ് കിടന്നത്.
തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പൊലീസിന് വ്യക്തമായിരുന്നു. ജില്ല പൊലീസ് മേധാവി വി അജിത്തിൻ്റെ നിർദേശാനുസരണം അടൂർ ഡിവൈഎസ്‌പി ആർ ജയരാജിൻ്റെ നേതൃത്വത്തിൽ പൊലീസ് ഇൻസ്‌പെക്‌ടർ എസ് ശ്രീകുമാർ, എസ് ഐമാരായ ശ്യാമകുമാരി, ജലാലുദ്ദീൻ റാവുത്തർ, സിപിഓമാരായ റോബി ഐസക്ക്, എം ശ്രീജിത്ത് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു.
പയ്യന്നൂരില്‍ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു: പയ്യന്നൂർ കാങ്കോലിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി (Man Killed Wife In Payyanur). കണ്ണൂർ കാട്ടിലെ പീടിക, തയ്യിൽ വളപ്പിൽ സ്വദേശിനി പ്രസന്നയെ കൊല്ലപ്പെടുത്തിയ ശേഷമാണ് ഭർത്താവ് ഷാജി പൊലീസിൽ കീഴടങ്ങിയത്. ഒക്‌ടോബർ 25ന് ഉച്ചയ്ക്ക് 1.30 ഓടെയാണ് പയ്യന്നൂരിനടുത്ത് കാങ്കോൽ ബമ്മാരടി കോളനിയിൽ കൊലപാതകം നടന്നത്.
ബമ്മാരടി കോളനിയിലെ നിർമാണ തൊഴിലാളിയായ ഷാജി ഭാര്യ പ്രസന്നയെ വീടിനകത്ത് വച്ച് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. പ്രസന്നയുടെ നിലവിളി കേട്ട് അയൽവാസികളായ സ്ത്രീകൾ എത്തിയപ്പോഴാണ് വീടിനകത്ത് മൃതദേഹം കാണുന്നത്. തല പൂർണമായും വേർപെട്ട നിലയിലായിരുന്നു മൃതദേഹം.
ഷാജിയ്‌ക്കും പ്രസന്നയ്‌ക്കും മൂന്ന് മക്കളാണുള്ളത്. കുടുംബ വഴക്കിനെ തുടർന്ന് ഒരു വർഷമായി പ്രസന്നയും മക്കളും കണ്ണൂർ കാട്ടിലെ പീടികയ്ക്കടുത്ത് സ്വന്തം വീട്ടിലാണ് താമസം. എന്നാൽ നാട്ടിലെ ഒരു വിവാഹത്തിൽ പങ്കെടുക്കാനാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ പ്രസന്ന കാങ്കോലിലെ ഷാജിയുടെ വീട്ടിലെത്തിയത്.