പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിൽ മെട്രോമാൻ ഇ. ശ്രീധരൻ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയാകുമെന്ന് സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കെ. സുരേന്ദ്രൻ നയിക്കുന്ന വിജയയാത്രയ്ക്ക് നൽകിയ സ്വീകരണ സമ്മേളനത്തിലാണ് മുഖ്യമന്ത്രി സ്ഥാനാർഥി പ്രഖ്യാപനം സംസ്ഥാന അധ്യക്ഷൻ നടത്തിയത്.
ഏറെ ജനസമ്മതിയുള്ള നേതാവ് എന്ന നിലയിലും രാജ്യത്തെ തന്നെ പ്രഗത്ഭനായ വ്യക്തിത്വം എന്ന നിലയിലും ഇ. ശ്രീധരനെ മുന്നിൽ നിർത്തിയാകും ബിജെപി വോട്ടുതേടുകയെന്നും സംസ്ഥാന അധ്യക്ഷൻ വ്യക്തമാക്കി. വീടിനോട് അടുത്ത മണ്ഡലമെന്ന നിലയിൽ പൊന്നാനിയിൽ നിന്ന് മത്സരിക്കാനാണ് താത്പര്യമെന്ന് എൺപത്തിയെട്ടുകാരനായ ഇ. ശ്രീധരൻ രാവിലെ മാധ്യമപ്രവർത്തകരെ കണ്ടപ്പോൾ വ്യക്തമാക്കിയിരുന്നു. പാലാരിവട്ടം പാലത്തിന്‍റെ അന്തിമപരിശോധനയ്ക്കായി എത്തിയതായിരുന്നു അദ്ദേഹം. എന്നാൽ ബിജെപി ഇ. ശ്രീധരനെ തിരുവനന്തപുരം സെൻട്രൽ അടക്കമുള്ള എ പ്ലസ് മണ്ഡലങ്ങളിലൊന്നിലാണ് പരിഗണിക്കുന്നത്.
ഡിജിറ്റൽ ഏജിൽ ഡിജിറ്റൽ സന്ദേശങ്ങളുമായി ജനങ്ങളെ സമീപിക്കുമെന്നാണ് ഇ. ശ്രീധരൻ രാവിലെ വ്യക്തമാക്കിയത്. ബിജെപി കേരളത്തിൽ അധികാരത്തിൽ വരുമെന്നും ഇ. ശ്രീധരൻ അവകാശപ്പെട്ടു. തന്‍റെ വിശ്വാസ്യത തെരഞ്ഞെടുപ്പിൽ മുതൽക്കൂട്ടാകും. എവിടെ മത്സരിക്കണമെന്ന് തീരുമാനിച്ചിട്ടില്ല. നാട്ടിൽ നിന്ന് അധികദൂരത്താകരുത്. വീടുകൾ കയറിയുള്ള പ്രചാരണമായിരിക്കില്ല താൻ നടത്തുക. രാഷ്ട്രീയക്കാരനായല്ല ടെക്നോക്രാറ്റെന്ന നിലയിലാകും തന്‍റെ പ്രവർത്തനം. ശരീരത്തിന്‍റെ പ്രായമല്ല, മനസ്സിന്‍റെ പ്രായമാണ് പ്രധാനമെന്നും ഇ. ശ്രീധരൻ എറണാകുളത്ത് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
ഡിഎംആർസി ഉപദേഷ്ടാവെന്ന പദവിയിൽ നിന്ന് വിരമിച്ച അതേ ദിവസം തന്നെയാണ് ഇ. ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ബിജെപി പ്രഖ്യാപിക്കുന്നത്. സ്ഥാനാർഥി നിർണയം പൂർത്തിയാകുന്നതിന് മുമ്പേ മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കുകയാണ് ബിജെപി. എന്നാൽ പാർട്ടി ഘടകങ്ങളിൽ ചർച്ച ചെയ്യാതെ ഇത്തരത്തിൽ ഒരു പ്രഖ്യാപനം നടത്തിയത്തിന് സംസ്ഥാനത്തെ ബിജെപിയിലെ വിമത വിഭാഗം കെ. സുരേന്ദ്രന് നേരെ പടയൊരുക്കത്തിന് ഒരുങ്ങുകയാണ് എന്നാണ് നേതാക്കളിൽ നിന്ന് തന്നെ ലഭ്യമായ സൂചന.