പത്തനംതിട്ട: പ്രളയം ഉണ്ടായാൽ രക്ഷാപ്രവർത്തനം നടത്താനായി കൊല്ലത്ത് നിന്ന് ബോട്ടുകൾ എത്തിച്ചവര്‍ക്ക് കൃത്യമായി ആഹാരവും താമസ സൗകര്യവും ലഭിക്കുന്നില്ലന്ന് പരാതി. കൊല്ലം നീണ്ടകരയിൽ നിന്നും അഴിക്കൽ നിന്നുമായി തിരുവല്ലയിൽ ബോട്ടുകൾ എത്തിച്ച ഏഴ് ലോറികളിലെ ഡ്രൈവർമാരും ക്ലിനർമാരും ഉള്‍പ്പെട്ട 14 ജീവനക്കാരാണ് അടിസ്ഥാന സൗകര്യമില്ലാതെ വലയുന്നത്.
ശുചിമുറി പോലും ഇല്ലാതെ കഴിഞ്ഞ നാല് ദിവസമായി ഇവർ കാവുംഭാഗം ദേവസ്വം ബോർഡ് സ്കൂളിന് മുമ്പിലെ റോഡരികിൽ കഴിയുകയാണ്. ഇവരുടെ ദുരവസ്ഥ അറിഞ്ഞ സമീപവാസികളായ ഒരു കൂട്ടം ചെറുപ്പക്കാർ ചേർന്ന് ഇവർക്ക് പ്രാഥമിക കൃത്യം നിർവഹിക്കാനുള്ള സ്ഥലം ഒരുക്കി നൽകുകയായിരുന്നു. താലൂക്കിൽ വെള്ളമിറങ്ങിയ സാഹചര്യത്തിൽ തങ്ങളെ മടക്കി അയക്കണമെന്നതാണ് ലോറിയിലെ ജീവനക്കാരുടെ ആവശ്യം. അതേസമയം ഇവർക്ക് തിരികെ മടങ്ങുന്നതിനുള്ള അനുവാദം നൽകേണ്ടത് ജില്ലാ കലക്ടർ ആണെന്നും അടിസ്ഥാന സൗകര്യം ലഭിച്ചില്ലെന്ന പരാതി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും തഹസിൽദാർ മിനി.കെ.തോമസ് പറഞ്ഞു.