പത്തനംതിട്ട: ജില്ലയില്‍ മഴ ശക്തമാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ശബരിമലയിലെത്തിയ ഭക്തരോട് ഉടന്‍ മലയിറങ്ങി സുരക്ഷിത സ്ഥാനത്തേക്ക് മാറാന്‍ നിര്‍ദേശം. ഇന്ന് മൂന്ന് മണിക്ക് ശേഷം ഭക്തര്‍ മലകയറരുതെന്നും നിര്‍ദേശമുണ്ട്. പമ്പ, മണിമല, അച്ചൻകോവിൽ നദികളിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാല്‍ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും ജില്ല കലക്‌ടര്‍ ദിവ്യ എസ്. അയ്യര്‍ നിര്‍ദേശിച്ചു.
വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന കുടുംബങ്ങള്‍ സുരക്ഷിതമായ ക്യാമ്പുകളിലേക്ക് മാറി താമസിക്കണം. ആങ്ങമൂഴി-കക്കി-വണ്ടിപ്പെരിയാര്‍ റോഡില്‍ മൂഴിയാര്‍ കോളനിയില്‍ നിന്നും എട്ടു കിലോമീറ്റര്‍ അകലെ അരണമുടിയില്‍ മണ്ണിടിച്ചിലുണ്ടായി. മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു.
കോന്നി താലൂക്കില്‍ അരുവാപ്പുലം വില്ലേജില്‍ കല്ലേലിത്തോട്ടം എസ്റ്റേറ്റിലെ 34-ാം നമ്പര്‍ അങ്കണവാടി കെട്ടിടത്തിന്‍റെ മേല്‍ക്കൂര തകര്‍ന്നു വീണെങ്കിലും ആളപായമില്ല. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയിലെ എല്ലാ താലൂക്കുകളിലും റാപ്പിഡ് റെസ്‌പോണ്‍സ് ടീമിനെ സജ്ജമാക്കിയിട്ടുണ്ട്. കന്നുകാലികളെ സംരക്ഷിക്കുന്നതിനായി മൃഗസംരക്ഷണ വകുപ്പ് ക്യാമ്പുകള്‍ ആരംഭിച്ചു.