പത്തനംതിട്ട : അന്തരിച്ച ,ചെങ്ങറ സമരനായകനും സാധുജന വിമോചന സംയുക്തവേദി സ്ഥാപക നേതാവുമായ ളാഹ ഗോപാലന്‍റെ മൃതദേഹം സംസ്‌കരിച്ചു. പത്തനംതിട്ടയിലെ സാധുജന വിമോചന സംയുക്തവേദി ആസ്ഥാനത്ത് പൊതുദർശനത്തിന് വച്ച മൃതദേഹം ബുധനാഴ്‌ച വൈകിട്ട് നാലിന് മന്ദിരത്തിന് മുമ്പിലൊരുക്കിയ ചിതയിൽ സംസ്‌കരിക്കുകയായിരുന്നു.
സമരമുഖത്തെ ഒറ്റയാൻ
ആദിവാസി, ദളിത് വിഭാഗങ്ങളുടെ അവകാശ പോരാട്ടങ്ങൾക്ക് പുതിയ പാതയൊരുക്കിയ നേതാവായിരുന്നു ളാഹ ഗോപാലൻ. ആലപ്പുഴ ജില്ലയിലെ തഴക്കര വെട്ടിയാറിലായിരുന്നു ഗോപാലന്‍റെ ജനനം. പതിമൂന്നാം വയസില്‍ മാതാപിതാക്കള്‍ മരിച്ചതോടെ ദുരിതം നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്‍റെ ജീവിതം.
എട്ടാം ക്ലാസ് വിദ്യാഭ്യാസത്തിന് ശേഷം കെഎസ്ഇബിയില്‍ ജോലിയ്ക്ക് കയറി. 2005ല്‍ കെഎസ്ഇബിയില്‍ നിന്ന് വിരമിച്ച ശേഷം അവകാശ സമരങ്ങളിൽ സജീവമായി. സാധുജന വിമോചന സംയുക്തവേദി രൂപീകരിച്ച് ഭൂരഹിതരായ ആദിവാസി, ദളിത് വിഭാഗങ്ങള്‍ക്കുവേണ്ടി സമരരംഗത്തിറങ്ങി.
2007 ആഗസ്റ്റ് നാലിന് ആദിവാസി, ദളിത് വിഭാഗങ്ങളെ സംഘടിപ്പിച്ച്, കോന്നിക്കടുത്ത് ചെങ്ങറയിലെ ഹാരിസണ്‍ പ്ലാന്‍റേഷന്‍റെ പാട്ടക്കാലാവധി കഴിഞ്ഞ റബ്ബര്‍ തോട്ടം കൈയേറി, കുടില്‍ കെട്ടി താമസിച്ചു. ഈ സമരം കേരളമാകെ അലയടിച്ചു. 1493 കുടുംബങ്ങളാണ് അന്ന് അവിടെ കുടിൽ കെട്ടി താമസിച്ച് സമരം ആരംഭിച്ചത്.
സമരക്കാരെ ഒഴിപ്പിക്കാൻ അന്ന് പൊലീസ് നടത്തിയ ശ്രമങ്ങൾ ദേശീയ മാധ്യമങ്ങളിൽ വരെ വാർത്തയായി. തങ്ങൾക്ക് അവകാശപ്പെട്ട ഭൂമി ലഭിക്കാതെ സമരത്തിൽ നിന്നും പിന്തിരിപ്പിക്കാൻ ഒരു ശക്തിയ്ക്കും കഴിയില്ലെന്ന മുദ്രാവാക്യമുയർത്തി ളാഹ ഗോപാലനുപിന്നിൽ സമരക്കാർ ഉറച്ചുനിന്നു.
READ MORE: ചെങ്ങറ സമര നേതാവ് ളാഹ ഗോപാലന്‍ അന്തരിച്ചു
സമരക്കാരെ ഒഴിപ്പിക്കാൻ പൊലീസ് ശ്രമങ്ങൾ ഊർജിതമാക്കിയപ്പോൾ ദേഹത്ത് മണ്ണെണ്ണയൊഴിച്ചും സമരഭൂമിയിലെ മരക്കൊമ്പുകളില്‍ കയര്‍ കെട്ടി കഴുത്തില്‍ കുടുക്കിട്ട് ആത്മഹത്യാഭീഷണി മുഴക്കിയും ശക്തമായ പ്രതിരോധം തീർത്തു.
ഭൂമി അല്ലെങ്കിൽ മരണം എന്ന മുദ്രാവാക്യവുമായി കത്തിക്കയറിയ സമരം ലോകശ്രദ്ധയാകര്‍ഷിച്ചു. സമരത്തിന്‍റെ ബുദ്ധികേന്ദ്രമായി ളാഹ ഗോപാലൻ നിലകൊണ്ടപ്പോൾ ആദിവാസി, ദളിത് വിഭാഗങ്ങള്‍ തങ്ങളുടെ രക്ഷകനായാണ് അദ്ദേഹത്തെ കണ്ടത്.
സംഘടിത സമരശക്തിക്ക് മുന്നിൽ അന്ന് പൊലീസിന് പിൻമാറേണ്ടി വന്നു. പിന്നീട് സമരക്കാരുമായി ചർച്ചകൾ നടന്നു. എന്നാൽ പ്രക്ഷോഭകര്‍ക്കിടയിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങൾ തർക്കങ്ങൾക്കിടയാക്കിയതോടെ സമരനായകൻ വേദനയോടെ പടിയിറങ്ങുകയായിരുന്നു.
കേരളത്തിന്‍റെ സമര ചരിത്രത്തിൽ മങ്ങാതെയുണ്ടാകും ചെങ്ങറ ഭൂസമരം. അതിനുമുന്നിൽ കൊടിയുയർത്തി ളാഹ ഗോപാലൻ എന്ന പേരുമുണ്ടാകും.കൊവിഡ് ബാധിതനായി ചികിത്സയിലിരിക്കെ ബുധനാഴ്‌ച രാവിലെയായിരുന്നു അന്ത്യം. ഭാര്യമാർ: പരേതയായ കമലമ്മ, ശാരദ. മക്കൾ: ജി ഗിരീഷ് (വനം വകുപ്പ് ), ഗിരിജ (കെഎസ്ആർടിസി ). മരുമക്കൾ : രശ്‌മി, തുളസി.