പത്തനംതിട്ട: ശബരിമലയിൽ ശുദ്ധജലമെത്തുന്ന പ്രധാന സ്രോതസുകളിൽ ഒന്നാണ് കുന്നാർ ഡാം. മണ്ഡല-മകരവിളക്ക് കാലത്ത് സദാ പൊലീസിന്റെ സുരക്ഷാ വലയത്തിലാണ് പെരിയാർ വന്യജീവി സങ്കേതത്തിൽ സ്ഥിതി ചെയ്യുന്ന കുന്നാർ ഡാം. ശബരിമലയിലേയ്ക്ക് ശുദ്ധജലമെത്തിക്കുന്നതിനായിട്ടാണ് കുന്നാർ ഡാം നിർമിച്ചത്. 10 പൊലീസ് ഉദ്യോഗസ്ഥരും ഓഫീസറുമടങ്ങുന്ന 11 അംഗ സംഘത്തിനാണ് ഡാമിന്റെ സംരക്ഷണച്ചുമതല. ഇവരെ കൂടാതെ വനം വകുപ്പ് ഉദ്യോഗസ്ഥർ, ഡൂട്ടിയിൽ ഉള്ളവർക്ക് ഭക്ഷണം പാകം ചെയ്യുന്നിനുളള ആളുകൾ എന്നിവരും സംഘത്തിലുണ്ട്.
കുന്നാർ ഡാമിനോട് ചേർന്ന് നിർമിച്ചിട്ടുള്ള താൽക്കാലിക ഷെഡിലാണ് ഇവർക്ക് താമസം ഒരുക്കിയിട്ടുള്ളത്. കുന്നാർ ഡാം കൂടാതെ ഒരു ചെക്ക്ഡാം കൂടി ഇവിടെയുണ്ട്. താഴേക്ക് കുത്തനെ ഉള്ള മലഞ്ചരിവായതിനാൽ യന്ത്രസഹായമില്ലാതെ ജലം പൈപ്പ് വഴി നേരിട്ടെത്തും എന്നുള്ള ഒരു പ്രത്യേകത കൂടി ഉണ്ട്. കാടിനുള്ളിൽ ഉത്ഭവിക്കുന്ന കൊച്ചരുവികളിലെ ജലമാണ് കുന്നാറിലേക്ക് ഒഴുകി എത്തുന്നത്. വനമധ്യത്തിൽ സ്ഥിതി ചെയുന്ന കുന്നാർ ഡാം അതീവ സുരക്ഷാ പ്രാധാന്യത്തോടെയാണ് സംരക്ഷിച്ചു വരുന്നത്.