പത്തനംതിട്ട : സംസ്ഥാനത്തെ ക്ഷേത്രങ്ങൾ സർക്കാർ കയ്യേറുന്നുവെന്ന റിട്ടയേഡ് സുപ്രീം കോടതി ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ പ്രസ്‌താവന വസ്‌തുതാവിരുദ്ധവും തെറ്റിദ്ധാരണാജനകവുമാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ. കെ അനന്തഗോപൻ. ക്ഷേത്ര സ്വത്തുക്കളുടെയും വരുമാനത്തിൻ്റെയും ദൈനംദിന ചെലവുകളുടെയും അവസ്ഥ മനസ്സിലാക്കാതെ നടത്തുന്ന ഇത്തരം പ്രചരണം അമ്പലങ്ങളെ തകർക്കാനുള്ള ഗൂഢനീക്കത്തിൻ്റെ ഭാഗമാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ കീഴിലുള്ള 1251 ക്ഷേത്രങ്ങളിൽ നിന്നുള്ള വരുമാനം ബോർഡിൻ്റെ കേന്ദ്രീകൃത ഫണ്ടിലേക്കാണ് വന്നുചേരുന്നത്. ദേവസ്വം ബോർഡിൻ്റെ ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന ക്ഷേത്രമായ ശബരിമല ശ്രീ ധർമശാസ്‌താ ക്ഷേത്രത്തിൽ നിന്നുള്ള വരുമാനവും ഇതിൽപ്പെടും. ഈ കേന്ദ്രീകൃത ഫണ്ടിൽ നിന്നാണ് ക്ഷേത്രങ്ങളുടെ ദൈനംദിന ചെലവുകൾക്കായി പണം നൽകുന്നത്.
സർക്കാർ സഹായം : ഇത് കൂടാതെ ദേവസ്വം ബോർഡിലെ ഓഫിസുകളിലും അമ്പലങ്ങളിലുമായി ജോലി നോക്കുന്ന ആയിരക്കണക്കിന് ജീവനക്കാർക്കും പെൻഷൻകാർക്കും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകുന്നതും ഈ ഫണ്ടിൽ നിന്നാണ്. ക്ഷേത്രങ്ങളിൽ നിന്ന് ഒരു രൂപ പോലും സർക്കാർ എടുക്കുന്നില്ലെന്ന സത്യം അറിയാവുന്നവർ തന്നെയാണ് ബഹുഭൂരിപക്ഷം ക്ഷേത്ര വിശ്വാസികളും.
പ്രളയ സമയത്തും കൊവിഡ് മഹാമാരിയെ തുടർന്നും മാസങ്ങളോളം ഭക്തർക്ക് മുന്നിൽ ക്ഷേത്രങ്ങൾ അടച്ചിട്ട കാലത്തും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ട തിരുവിതാംകൂർ ദേവസ്വം ബോർഡിനെയും ശബരിമല ക്ഷേത്രത്തെയും സർക്കാർ കൈയ്യയച്ചാണ് സഹായിച്ചത്. 2018 മുതൽ ഇതുവരെ 140 കോടി രൂപയാണ് സംസ്ഥാന സർക്കാരിൽ നിന്ന് സഹായമായി തിരുവിതാംകൂർ ദേവസ്വം ബോർഡിന് ലഭിച്ചത്.
ശബരിമലയ്‌ക്ക് 30 കോടി : ശബരിമല മാസ്റ്റർ പ്ലാൻ നടത്തിപ്പിനായി ബഡ്‌ജറ്റുകളിൽ തുക വകയിരുത്തുന്ന സർക്കാർ ഈ വർഷത്തെ ബഡ്‌ജറ്റിൽ ശബരിമല വികസനത്തിനായി 30 കോടി രൂപയാണ് നീക്കിവച്ചത്. വർഷംതോറും തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഗ്രാന്‍ഡായി നൽകേണ്ട 80 ലക്ഷം രൂപയും മുടക്കം വരാതെ സർക്കാരില്‍ നിന്ന് ലഭിക്കുന്നുമുണ്ട്.
ഈ സാമ്പത്തിക സഹായങ്ങള്‍ക്ക് പുറമെ ക്ഷേത്രങ്ങളുടെ നവീകരണത്തിനും ശബരിമലയിലെ അടിസ്ഥാന സൗകര്യവികസനത്തിനും സർക്കാർ പ്രത്യേക പരിഗണനയാണ് നൽകി വരുന്നത്. ശബരിമലയിൽ എത്തിച്ചേരുന്ന അയ്യപ്പ ഭക്തര്‍ക്കായി ഇടത്താവളങ്ങൾ നിർമിക്കുന്നതിനും അവ നവീകരിക്കുന്നതിനും കോടികൾ ആണ് സർക്കാർ അനുവദിച്ചിട്ടുള്ളത്.
ചെങ്ങന്നുർ ഇടത്താവളത്തിന് 10.47 കോടി, എരുമേലി ഇടത്താവളത്തിന് 14.44 കോടി രൂപ, കഴക്കൂട്ടം-9.61 കോടി രൂപ, നിലയ്ക്കല്‍ ഇടത്താവളത്തിന് 39.79 കോടി രൂപ എന്നിങ്ങനെയാണ് സര്‍ക്കാര്‍ ഫണ്ട് അനുവദിച്ച് നൽകിയിട്ടുള്ളത്. ഇടത്താവളങ്ങളുടെ നിർമാണം നടന്നുവരികയാണ്.
തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ ഉടമസ്ഥതയിലുള്ള ക്ഷേത്രങ്ങളിലെ അന്യാധീനപ്പെട്ടതും പലരും കൈയ്യേറി സ്വന്തമാക്കി വച്ചിരുന്നതുമായ ഭൂസ്വത്തുക്കൾ തിരിച്ചുപിടിക്കുന്നതിൽ ബോർഡിന് സഹായകരമായ നിലപാടാണ് സർക്കാർ എല്ലാ കാലത്തും സ്വീകരിച്ചിട്ടുള്ളത്.
കണ്ണടച്ച് ഇരുട്ടാക്കാൻ ശ്രമം : സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ക്ഷേത്രത്തിലെ ആചാരപരമായ ചടങ്ങുകൾ പോലും നടത്താൻ വഴിയില്ലാതിരുന്ന ക്ഷേത്രങ്ങൾ, ഭരണ നിര്‍വഹണത്തിന് സ്‌തംഭനം നേരിട്ട അമ്പലങ്ങള്‍ എന്നിവ ഉടമസ്ഥരുടെയും കോടതിയുടെയും അനുമതിയോടെ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തിട്ടുണ്ട്. ഇത്തരത്തില്‍ തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് അടുത്തിടെ ഏറ്റെടുത്തത് വൈക്കം വെള്ളൂര്‍ വാമനമൂര്‍ത്തി ക്ഷേത്രം ആണ്.
സര്‍ക്കാരിന്‍റെ കാവ്, കുളം പദ്ധതിയില്‍പ്പെടുത്തി കോടിക്കണക്കിന് രൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ നടത്തിയിട്ടുണ്ട്. സംസ്ഥാന ടൂറിസം പദ്ധതിയുടെ ഭാഗമായി ക്ഷേത്രങ്ങളുടെ ഓഡിറ്റോറിയങ്ങള്‍ നവീകരിക്കുന്നതിന് തുക അനുവദിച്ചു. ഇത്തരം യാഥാർഥ്യങ്ങൾ കണ്ടിട്ടും കണ്ണടച്ച് ഇരുട്ടാക്കാൻ ആണ് ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നത് എന്നത് നിർഭാഗ്യകരമാണ്.
വിശ്വാസികൾ തള്ളിക്കളയും : ചിലർ നടത്തുന്ന ഇത്തരം തെറ്റായ പ്രചരണം വിശ്വാസി സമൂഹം തിരിച്ചറിയുമെന്നതിൽ തർക്കമില്ല. ശബരിമലയിലെ വരുമാനം സർക്കാർ എടുക്കുന്നുവെന്ന പ്രചരണം നേരത്തെ ചിലര്‍ നടത്തിയിരുന്നു. എന്നാൽ സർക്കാർ ഒരു രൂപ പോലും എടുക്കുന്നില്ല എന്ന സത്യം ജനങ്ങൾ തിരിച്ചറിഞ്ഞപ്പോൾ പ്രചാരകർ തങ്ങളുടെ ദൗത്യം അവസാനിപ്പിച്ച് മാളത്തിൽ ഒളിക്കുകയായിരുന്നുവെന്ന് പ്രസിഡൻ്റ് ചൂണ്ടിക്കാട്ടി.
സുപ്രീം കോടതി ജസ്റ്റിസായിരുന്ന ഇന്ദു മൽഹോത്രയെ പോലെയുള്ളവർ വസ്‌തുതകൾ മനസിലാക്കാതെ, കാര്യങ്ങളെ വ്യാഖ്യാനിച്ച് ഇത്തരത്തിൽ അടിസ്ഥാന രഹിതമായ പ്രചരണം നടത്തുന്നത് തികച്ചും നിർഭാഗ്യകരമാണെന്നും, ജനങ്ങളും ക്ഷേത്ര വിശ്വാസികളും ഈ പ്രചരണം തള്ളിക്കളയണമെന്നും അഡ്വ. കെ അനന്തഗോപൻ പറഞ്ഞു.