പത്തനംതിട്ട: സ്വകാര്യ ധനകാര്യ സ്ഥാപനം നടത്തി കോടിക്കണക്കിനു രൂപയുടെ നിക്ഷേപം സ്വീകരിച്ച ശേഷം തട്ടിപ്പുനടത്തിയ കേസിൽ മൂന്നുപേർ പിടിയില്‍. കോയിപ്രം തൊട്ടപ്പുഴശ്ശേരി കുറിയന്നൂർ ശ്രീരാമസദനം വീട്ടിൽ അനിൽകുമാർ ഡി (59), ഇയാളുടെ ഭാര്യ ദീപ ഡി എസ് (52), മകൻ അനന്ദു വിഷ്‌ണു (28) എന്നിവരെയാണ് എറണാകുളം ഇളമല്ലിക്കരയിലെ ഫ്ലാറ്റിൽ നിന്നും ഇന്നലെ (നവംബര്‍ 12) പുലർച്ചെ കോയിപ്രം പൊലീസ് പിടികൂടിയത്. മറ്റൊരു മകൻ അനന്തു കൃഷ്‌ണയും സംഭവത്തില്‍ പ്രതിയാണ്.
തൊട്ടപ്പുഴശ്ശേരി കുറിയന്നൂർ തുണ്ടിയിൽ വീട്ടിൽ ആതിര ഓമനക്കുട്ടന്‍ എന്ന യുവതിയുടെ പരാതിപ്രകാരം രജിസ്റ്റര്‍ ചെയ്‌ത കേസിലാണ് അറസ്റ്റ്. 2017 നവംബർ 15 മുതൽ ഈ വർഷം ജൂൺ 29 വരെയുള്ള കാലയളവിൽ സ്ഥാപനത്തിന്‍റെ കുറിയന്നൂരുള്ള ശാഖയിൽ തവണകളായി 5,40,000 രൂപ ആതിര നിക്ഷേപിച്ചിരുന്നു. എന്നാൽ കാലാവധി പൂർത്തിയായിട്ടും പണമോ പലിശയോ തിരികെ ലഭിച്ചില്ലെന്ന് യുവതി പരാതിയില്‍ പറഞ്ഞു.
ഒന്നാം പ്രതി സ്ഥാപനത്തിന്‍റെ മാനേജിങ് ഡയറക്‌ടറും രണ്ടാം പ്രതി മാനേജരും മൂന്നാം പ്രതി ബോർഡ് മെമ്പറുമാണ്. ഈ മാസം മൂന്നിനാണ് ആതിര പൊലീസിൽ പരാതി നൽകിയത്. ഇതുപ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
ജില്ല പൊലീസ് മേധാവിയുടെ നിർദേശ പ്രകാരം നിക്ഷേപ തുക സംബന്ധിച്ചും ബാങ്ക് അക്കൗണ്ടുകളെ കുറിച്ചും മറ്റും വിശദമായ അന്വേഷണം പൊലീസ് നടത്തി. സ്ഥാപനത്തിന്‍റെ നിയമാവലി പരിശോധിച്ചതിൽ നിന്ന് ഉടമസ്ഥാവകാശം അനിലിന്‍റെ പേരിലും ബാക്കിയുള്ളവർ അംഗങ്ങൾ ആണെന്നും അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടിരുന്നു. തുടര്‍ന്ന് പ്രതികളെ പിടികൂടുന്നതിനായി സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ മൊബൈല്‍ ഫോണുകളുടെ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
പ്രതികൾ പല പേരുകളിൽ സ്ഥാപനം നടത്തി നിരവധി പണമിടപാടും നിക്ഷേപവും നടത്തിയതായും കൂടുതൽ പലിശ വാഗ്‌ദാനം ചെയ്‌ത് കോടിക്കണക്കിനു രൂപയുടെ നിക്ഷേപം സ്വീകരിച്ചശേഷം കാലാവധി കഴിഞ്ഞും നിക്ഷേപകർക്ക് പണമോ പലിശയോ നൽകാതെ തട്ടിപ്പ് നടത്തിവരികയായിരുന്നു. ജില്ലയിലെ പല പൊലീസ് സ്റ്റേഷനുകളിലും മറ്റ് ജില്ലകളിലെ സ്റ്റേഷനുകളിലും ഇവർക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്‌തിട്ടുള്ളതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഇളമല്ലിക്കരയിലെ സ്കൈ ലൈൻ ഫ്ലാറ്റിൽ നിന്നും പിടികൂടിയ പ്രതികളുടെ മൊബൈൽ ഫോണുകൾ പൊലീസ് പിടിച്ചെടുത്തു. വിദഗ്‌ധ പരിശോധനക്കായി സൈബർ സെല്ലിന്‍റെ സഹായം പൊലീസ് തേടിയിട്ടുണ്ട്. വിശദമായ ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചതായി അന്വേഷണ സംഘം അറിയിച്ചു. റിസർവ് ബാങ്ക് ലൈസൻസ് ഇല്ലാതെയാണ് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത് എന്ന് വ്യക്തമായിട്ടുണ്ട്.
കോയിപ്രം പൊലീസ് സ്റ്റേഷനിൽ ഇപ്പോൾ തന്നെ ആകെ 32 കേസുകൾ ആണ് ഇവര്‍ക്കെതിരെ രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. കൂടുതൽ കുറ്റകൃത്യങ്ങൾ നടത്തിയിട്ടുണ്ടോ എന്നും പ്രതികളുടെ സ്വത്തു വിവരങ്ങളെപ്പറ്റിയും നിക്ഷേപ തുകകളുടെയും മറ്റും വിനിയോഗം സംബന്ധിച്ചും വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. സമാനമായ രീതിയില്‍ കൂടുതല്‍ കുറ്റം പ്രതികള്‍ ചെയ്‌തിട്ടുണ്ടോ എന്നറിയാൻ സ്ഥാപനത്തിൽ പരിശോധന നടത്തും. ഇതിനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്താനാണ് പൊലീസ് നീക്കം.