പത്തനംതിട്ട: തമിഴ്‌നാട്ടില്‍ നിന്ന് ശബരിമല തീര്‍ഥാടകര്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ അന്തര്‍ സംസ്ഥാന ബസ് സര്‍വീസ് നടത്തുന്നതുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സര്‍ക്കാരുമായി ചര്‍ച്ച നടത്തുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞു. പമ്പയിൽ നടന്ന ശബരിമല അവലോകന യോഗത്തിന് ശേഷം പത്തനംതിട്ട കലക്‌ടറേറ്റിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
കൊവിഡ് സാഹചര്യത്തില്‍ തമിഴ്നാട്ടില്‍ നിന്ന് അന്തര്‍ സംസ്ഥാന ബസ് സര്‍വീസ് നടത്താത്തത് മൂലം സ്വകാര്യ ബസ് ഉടമകള്‍ ഭക്തരെ ചൂഷണം ചെയ്യുന്നത് ഒഴിവാക്കുവാനും യാത്ര സുഗമമാക്കുന്നതിനും സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ച. ഇതിനായി ആവശ്യമെങ്കില്‍ മുഖ്യമന്ത്രി തലത്തിലുള്ള ചര്‍ച്ച ഉള്‍പ്പെടെ പരിശോധിക്കും. താന്‍ നേരിട്ട് തമിഴ്‌നാട് ഗതാഗത മന്ത്രിയുമായി ചര്‍ച്ച നടത്താനും തയ്യാറാണെന്നും മന്ത്രി പറഞ്ഞു.
Also Read: സുകുമാര കുറുപ്പ് വൃദ്ധസദനത്തിലെന്ന് വാര്‍ത്ത; പരിശോധന നടത്തി ക്രൈംബ്രാഞ്ച്
തമിഴ്‌നാട്ടില്‍ നിന്നുള്ള അയ്യപ്പ ഭക്തര്‍ക്ക് കെ.എസ്.ആര്‍.ടി.സി ബസുകളില്‍ വരാനും മടങ്ങിപ്പോകാനുമുള്ള സംവിധാനം ഒരുക്കുന്നതിനാണ് ശ്രമിക്കുന്നത്. തമിഴ്‌നാട് - ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ ഭക്തര്‍ സന്നിധാനത്ത് എത്തുന്നത്.
അവര്‍ക്ക് ഗതാഗത സൗകര്യം ഒരുക്കുക എന്നത് ഏറെ പ്രധാനപ്പെട്ട ഒന്നാണ്. ഇത്തവണത്തെ ശബരിമല തീര്‍ഥാടനത്തിന് യാതൊരു വിധത്തിലുമുള്ള കുറവില്ലാതെ നടത്തണമെന്ന് മുഖ്യമന്ത്രിയുടെ നിര്‍ദേശമുണ്ട്. അവസാന ഒരുക്കങ്ങളില്‍ പോലും എന്തെങ്കിലും പോരായ്മയുണ്ടെങ്കില്‍ അവ പരിഹരിച്ച് സീസണ്‍ സുഗമമാക്കുന്നതിനായാണ് യോഗം ചേര്‍ന്നത്.
ശബരിമല ഒരു സമുദായത്തിന്‍റേയോ മതത്തിന്‍റേയോ മാത്രം വികാരമല്ലെന്നും മന്ത്രി
ശബരിമല ഒരു സമുദായത്തിന്‍റേയോ മതത്തിന്‍റേയോ മാത്രം വികാരമല്ല. ചൈതന്യം ആഗ്രഹിക്കുന്ന എല്ലാവരുടെയും ഒരു അഭയകേന്ദ്രമാണ് ശബരിമല. പ്രാധാന്യമുള്‍ക്കൊണ്ട് അയ്യപ്പഭക്തര്‍ക്ക് ഒരു കുറവുകളും ഇല്ലാതെ സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കാന്‍ വകുപ്പുകള്‍ക്ക് ബാധ്യതയുണ്ട്. ഏതെങ്കിലും വകുപ്പുകളുടെ ഭാഗത്ത് നിന്നും കുറവുകള്‍ ഉണ്ടെങ്കില്‍ അവ നികത്തുന്നതിനായാണ് യോഗം ചേര്‍ന്നതെന്ന് മന്ത്രി പറഞ്ഞു.
ഇടവേളകളില്ലാതെ സഞ്ചരിക്കേണ്ട വിഭാഗമാണ് ഗതാഗത വകുപ്പ്. വകുപ്പ് ഇത് കൃത്യമായി ചെയ്യണമെങ്കില്‍ മറ്റ് വകുപ്പുകളുടെ അകമഴിഞ്ഞ പിന്തുണയും സഹായവും ആവശ്യമാണ്. കൊവിഡിന് മുന്‍പ് ഭക്തര്‍ക്കായി ഒരുക്കിയിരുന്ന എല്ലാ സൗകര്യങ്ങളും ഇത്തവണയും ഒരുക്കുന്നുണ്ട്.
സ്ഥിരമായി എത്തുന്ന ഭക്തര്‍ ഇത്തവണയും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും ഭക്തരെ കടത്തിവിടുക. നിയന്ത്രണങ്ങള്‍ ശരിയായ രീതിയില്‍ നടത്താന്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിക്കുമെന്നും മന്ത്രി പറഞ്ഞു.