പത്തനംതിട്ട: ജില്ലയിൽ ഗാർഹിക നിരീക്ഷണത്തിലുണ്ടായിരുന്നയാൾ മരിച്ചു. തിരുവല്ല നെടുമ്പ്രം പഞ്ചായത്തിലെ അഞ്ചാം വാർഡിലുള്ള നോബിൾ ഹൗസിൽ വിജയകുമാർ (68) ആണ് മരിച്ചത്. വ്യാഴാഴ്‌ച വൈകിട്ട് അഞ്ച് മണിയോടെ ശ്വാസതടസത്തെ തുടർന്ന് മുറിക്കുള്ളിൽ കുഴഞ്ഞു വീണ വിജയകുമാറിനെ ബന്ധുക്കൾ ചേർന്ന് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, അഞ്ചരയോടെ ഇയാളുടെ മരണം സംഭവിക്കുകയായിരുന്നു. തുടർന്ന് കൊവിഡ് പരിശോധനയ്ക്കായി സ്രവം ശേഖരിച്ച ശേഷം ആറരയോടെ മൃതദേഹം ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സ്രവപരിശോധനാ ഫലം ലഭിച്ച ശേഷം മാത്രമേ സംസ്‌കാരം അടക്കമുള്ള നടപടികൾ സംബന്ധിച്ച കാര്യങ്ങളിൽ വ്യക്തത വരുത്താനാകൂ എന്ന് ആരോഗ്യവിഭാഗം അധികൃതർ അറിയിച്ചു.
എയർഫോഴ്‌സിൽ ഉദ്യോഗസ്ഥയായ മകളെ സന്ദർശിക്കാനായി രണ്ടു മാസം മുമ്പാണ് ഭാര്യക്കൊപ്പം വിജയകുമാർ ഗുജറാത്തിലെ അഹമ്മദാബാദിൽ പോയത്. മാർച്ച് 23ന് ഇയാൾ തനിച്ച് നാട്ടിലേക്ക് മടങ്ങിയെത്തിയിരുന്നു. തുടർന്ന് ഗാർഹിക നിരീക്ഷണത്തിൽ തുടർന്നു. ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് ഇയാൾ ചികിത്സയിലായിരുന്നുവെന്ന് ബന്ധുക്കൾ അറിയിച്ചു. വിജയകുമാറിന് പ്രാഥമിക ചികിത്സ നൽകിയ താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗത്തിലെ ഡോക്‌ടറടക്കം ആറ് ജീവനക്കാരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ആശുപത്രിയിലെ അത്യാഹിത വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടം അണുവിമുക്തമാക്കുകയും ചെയ്‌തിരുന്നു. വിജയകുമാറിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയ സഹോദരൻ ശ്രീകുമാറിനെ അടക്കം നാലുപേരെയും ഗാർഹിക നിരീക്ഷണത്തിലാക്കി. ഭാര്യ: നെടുമ്പ്രം പഞ്ചായത്ത് മുൻ പ്രസിഡന്‍റ് രമാദേവി വിജയകുമാർ, മക്കൾ: നോബിൾ, രോഹിത്, ബ്രൈറ്റി. മരുമക്കൾ: ശ്യാം ബാലചന്ദ്രൻ, മീര.