പത്തനംതിട്ട : മണ്ഡലകാല പൂജയ്ക്കായി നട തുറന്ന ശബരിമല സന്നിധാനത്ത് തീര്‍ഥാടക പ്രവാഹത്തിനൊപ്പം കനത്തമഴ. വൈകുന്നേരം ആറിന് ശേഷമാണ് ശക്തമായ മഴ പെയ്‌തുതുടങ്ങിയത്. വലിയ നടപ്പന്തല്‍ നിറഞ്ഞുകവിഞ്ഞ തീര്‍ഥാടക പ്രവാഹത്തിന് മഴ തടസമായില്ല.
അച്ചടക്കത്തോടെ വരി നിന്ന തീര്‍ഥാടകര്‍ മഴയെ വകവയ്ക്കാതെ പതിനെട്ടാം പടി കയറി ദര്‍ശനം നടത്തി. പമ്പയില്‍ നിന്ന് സന്നിധാനത്തേക്കുള്ള ശരണപാതയിലെ ക്യു കോംപ്ലക്‌സുകളും തീര്‍ഥാടകര്‍ക്ക് സഹായമായി. കനത്ത മഴ പെയ്‌തതോടെ ദര്‍ശനത്തിനായി അയ്യപ്പന്മാര്‍ പതിനെട്ടാം പടി കയറുന്നതില്‍ വേഗത കുറഞ്ഞു.
ALSO READ:ശബരിമല നട തുറന്നു, ഇനി ദര്‍ശന പുണ്യത്തിന്‍റെ നാളുകള്‍ ; മനം നിറഞ്ഞ് തീര്‍ഥാടകര്‍
പതിനെട്ടാം പടിയില്‍ തീര്‍ഥാടകരെ സഹായിക്കാന്‍ നില്‍ക്കുന്ന പൊലീസ് സേനാംഗങ്ങള്‍ക്കും മഴ പ്രയാസം സൃഷ്‌ടിച്ചു. വലിയ നടപ്പന്തലില്‍ നിലത്ത് കല്ല് പാകി വെള്ളം ചാലിലൂടെ ഒലിച്ചുപോകാന്‍ ക്രമീകരണം ചെയ്‌തത് ഏറെ ആശ്വാസകരമായി. കനത്ത മഴയിലും പമ്പയില്‍ നിന്ന് സന്നിധാനത്തേക്കുള്ള തീര്‍ഥാടക പ്രവാഹം തടസപ്പെട്ടില്ല.