പത്തനംതിട്ട: കോന്നിയിൽ അച്ചൻകോവിലാറിന്‍റെ തീരത്തുള്ള മാംഗോസ്റ്റിൻ തോട്ടങ്ങളിൽ കർഷകർ തിരക്കിലാണ്. 150ലധികം മരങ്ങളിൽ മാംഗോസ്റ്റിൻ പഴുത്തു കിടക്കുകയാണ്. മെയ്, ജൂൺ, ജൂലൈ മാസങ്ങളിലാണ് മാംഗോസ്‌റ്റീന്‍റെ വിളവെടുപ്പു കാലം. എന്നാൽ കൊവിഡ് വന്നതോടെ കഴിഞ്ഞ മാസവും ജൂൺ ആദ്യവും പഴങ്ങളുടെ രാജ്ഞിയെ വിളവെടുക്കാൻ കഴിഞ്ഞിരുന്നില്ല.ഇതോടെ കർഷകരും തൊഴിലാളികളും പ്രതിസന്ധിയിലായി.
100 വർഷം വരെ പഴക്കമുള്ള മാംഗോസ്‌റ്റീൻ മരങ്ങൾ കോന്നിയിലുണ്ട്. അച്ചൻകോവിലാറിന്‍റെ തീരത്തു നിന്ന് ലഭിക്കുന്ന പഴത്തിന് സ്വാദും ഗുണവും കൂടുതലാണെന്ന് കർഷകർ പറയുന്നു.എന്നാൽ കൃത്യസമയത്ത് വിളവെടുക്കാൻ കഴിയാതെ വന്നതോടെ പഴങ്ങൾ ചീഞ്ഞു പോകാൻ തുടങ്ങി. ഇതുമൂലം കയറ്റി അയ്ക്കാൻ കഴിയാതെ വന്നു. കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നതോടെ പഞ്ചായത്തിന്‍റെ നേത്യത്വത്തിൽ മാംഗോസ്റ്റിൻ ക്വീൻ ഫെസ്റ്റ് നടത്തി വിപണി കണ്ടെത്തുകയാണ് കർഷകർ.