പത്തനംതിട്ട: പത്തനംതിട്ടയിൽ തുമ്പമണിൽ വീട് വാടകയ്‌ക്കെടുത്തു കഞ്ചാവ് കച്ചവടം നടത്തിയ സംഘത്തിലെ ഒരാളെ രണ്ടര കിലോ കഞ്ചാവുമായി എക്‌സൈസ് പിടികൂടി. കണ്ണൂര്‍ വെളിയന്നൂര്‍ സ്വദേശി ജി. ഷനത്താണ് (21) പിടിയിലായത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന നൂറനാട് പാലമേല്‍ പണയില്‍ മഹേഷ് ഭവനത്തില്‍ മഹേഷ് ഓടി രക്ഷപ്പെട്ടു.
ചെന്നീര്‍ക്കര ഐടിഎയ്ക്ക് സമീപം രഹസ്യ കേന്ദ്രങ്ങളില്‍ കഞ്ചാവ് ഉപയോഗവും വില്‍പ്പനയും വ്യാപകമാണെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ബുധനാഴ്‌ച നടത്തിയ പരിശോധനയിൽ ചെറിയ അളവില്‍ കഞ്ചാവ് കൈവശം വച്ച മൂന്ന് യുവാക്കളെ പിടികൂടിയിരുന്നു. എക്‌സൈസ് നാര്‍ക്കോട്ടിക്ക് സെല്‍ സിഐ എസ്. ഷിജുവിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന.
പിടിയിലായ യുവാക്കളെ ചോദ്യം ചെയ്‌തപ്പോഴാണ് വാടക വീട് കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തുന്ന രണ്ടംഗ സംഘത്തിന്‍റെ വിവരങ്ങള്‍ ലഭിച്ചത്. തുടര്‍ന്ന് തുമ്പമൺ വായനശാലക്ക് സമീപമുള്ള വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ഷനത്തിനെ രണ്ടര കിലോ കഞ്ചാവുമായി പിടികൂടിയത്.
മഹേഷാണ് ഇവിടെ വാടക വീട് ശരിയാക്കിയത്. ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്‍റെ ഭാഗമായി ജില്ലയില്‍ പൊലീസ്, ഫോറസ്റ്റ് സേനകള്‍ക്കൊപ്പം സംയുക്തമായും അല്ലാതെയും വ്യാപകമായ പരിശോധനകള്‍ നടന്നു വരുന്നുണ്ടെന്ന് എക്‌സൈസ് ഇന്‍സ്‌പെക്‌ടര്‍ എസ്. ഷിജു പറഞ്ഞു.
Also read: റോഡരികിൽ കഞ്ചാവ് ചെടികൾ; വെങ്ങാനൂരിൽ പിടിച്ചെടുത്തത് 19 ചെടികൾ