പത്തനംതിട്ട: ലോകം മുഴുവന്‍ രാഷ്‌ട്ര പിതാവിനെ ആദരവോടെ സ്‌മരിക്കുന്ന ഒരിക്കലും മായാത്ത ഓര്‍മക്കൂട്ടുകളാണ് പത്തനംതിട്ടയിലെ ഏഴംകുളത്തെ ഹെറിറ്റേജ് മ്യൂസിയം. ഗാന്ധിയേയും ഗാന്ധിയന്‍ ആദര്‍ശങ്ങളെയും ഇപ്പോഴും നെഞ്ചോട് ചേര്‍ത്ത് ജീവിതം മുന്നോട്ട് നയിക്കുന്ന കെ.കെ മാത്യുവിന്‍റേതാണ് ഈ മ്യൂസിയം. റിട്ടയേര്‍ഡ് ബി.എസ്.എൻ.എൽ ജീവനക്കാരനായ മാത്യു സ്വന്തം വീടിന്‍റെ മട്ടുപ്പാവിലാണ് ഗാന്ധിയന്‍ സ്‌മരണകള്‍ ഉയര്‍ത്തുന്ന ഹെറിറ്റേജ് മ്യൂസിയം ഒരുക്കിയിരിക്കുന്നത്.
അമേരിക്കയുടെ ഗാന്ധി സ്റ്റാമ്പ്: ഗാന്ധിയുടെ സ്‌മരണയ്ക്കായി ആദ്യമായി സ്റ്റാമ്പ് ഇറക്കിയ വിദേശ രാജ്യമാണ് അമേരിക്ക. 1961 ജനുവരി 26നാണ് അമേരിക്ക സ്റ്റാമ്പ് ഇറക്കിയത്. എന്നാല്‍ 1948ലാണ് ഇന്ത്യ ആദ്യമായി ഗാന്ധി സ്‌മരണ സ്റ്റാമ്പ് പുറത്തിറക്കിയത്. ലോകത്ത് ആദ്യമായി ഗാന്ധി സ്‌മരണക്കായി പുറത്തിറക്കിയ സ്റ്റാമ്പ് മുതല്‍ 140ലധികം രാജ്യങ്ങളുടെ സ്റ്റാമ്പുകളും നാണയ തുട്ടുകളും ഹെറിറ്റേജ് മ്യൂസിയത്തിലുണ്ട്.
ഇതുകൂടാതെ 2005ൽ മാൾട്ട പുറത്തിറക്കിയ 5000 ലിറയുടെ വെള്ളി പൂശിയ ഒരു കിലോ തൂക്കം വരുന്ന ഫാൻസി നാണയം, 5000 ലിറയുടെ അക്രിലിക് ഫാൻസി നാണയം, മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മദിനത്തോടനുബന്ധിച്ച് മലേഷ്യ പുറത്തിറക്കിയ സരാവക് ക്രിസ്റ്റൽ പതിച്ച സ്റ്റാമ്പുകൾ, ഗിനി പുറത്തിറക്കിയ തടിയിൽ തീർത്ത സ്റ്റാമ്പ്, മാലിദ്വീപിന്‍റെ സിൽക്കിൽ തീർത്ത സ്റ്റാമ്പ് എന്നിവയെല്ലാം ഗാന്ധിയുടെ ഒരിക്കലും മറക്കാത്ത സ്‌മരണകളാണ്.
1947 മുതല്‍ ഓരോ സ്വാതന്ത്ര്യ ദിനത്തിലും ഇന്ത്യ പുറത്തിറക്കിയിട്ടുള്ള സ്റ്റാമ്പുകളെല്ലാം മങ്ങലേല്‍ക്കാതെ മ്യൂസിയത്തില്‍ സൂക്ഷിക്കുകയാണിപ്പോഴും മാത്യു. മാത്രമല്ല സ്വാതന്ത്ര്യ സമര കാലഘട്ടത്തിലേതുൾപ്പെടെയുള്ള പുരാവസ്തുക്കളെല്ലാം പഴമയുടെ പ്രൗഢി വിളിച്ചോതുന്നവയാണ്.
ഗാന്ധിജിയോടുള്ള അടങ്ങാത്ത സ്‌നേഹം കാരണം ഗാന്ധിജിയെന്ന എഴുത്തോടുകൂടിയ സീലും സ്വന്തമായി നിർമ്മിക്കാന്‍ മാത്യുവിനായി. സ്വാതന്ത്ര്യദിനവുമായും മഹാത്മാ ഗാന്ധിയുമായും ബന്ധപ്പെട്ട് നിരവധി പ്രദർശനങ്ങളും ഇദ്ദേഹം നടത്തി. ഇതിലൂടെ സംസ്ഥാന പുരസ്‌കാരങ്ങളുള്‍പ്പെടെ മാത്യുവിനെ തേടിയെത്തി.