പത്തനംതിട്ട: അടൂര്‍ ചേന്നംപുത്തൂര്‍ കോളനിയില്‍ വീടിന് അര്‍ഹരായവര്‍ക്ക് ഫ്ലാറ്റ് നിര്‍മിക്കാന്‍ ആവശ്യമായ സ്ഥലം ഹൗസിങ് ബോര്‍ഡ് സൗജന്യമായി നല്‍കുമെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ. ഗ്രാമപഞ്ചായത്ത് സര്‍വേ നടത്തി അര്‍ഹരായവരുടെ പട്ടിക തയ്യാറാക്കി നല്‍കണമെന്നും എംഎല്‍എ പറഞ്ഞു. ചേന്നംപുത്തൂര്‍ കോളനി സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അര്‍ഹരായവരുടെ പട്ടിക ലഭിച്ചാല്‍ ഉടന്‍ തന്നെ ഫ്ലാറ്റ് നിര്‍മാണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും എംഎല്‍എ പറഞ്ഞു. വീടുകള്‍ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് തോട്ടുവ ഗവണ്‍മെന്‍റ് എല്‍പി സ്‌കൂളിലാണ് ആലോചനായോഗം ചേര്‍ന്നത്.
രാജീവ് ഗാന്ധി ലക്ഷം വീട് കോളനി പദ്ധതി പ്രകാരം നിര്‍മിച്ചതാണ് ചേന്നംപുത്തൂര്‍ കോളനി. 34 കുടുംബങ്ങളാണ് ഹൗസിങ് ബോര്‍ഡിന്‍റെ സ്ഥലത്തുള്ള ഇടിഞ്ഞ് വീഴാറായ വീടുകളില്‍ താമസിക്കുന്നത്. ശക്തമായ മഴയെ തുടര്‍ന്ന് കോളനി നിവാസികളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിച്ചിരുന്നു. അര്‍ഹരായവരുടെ പട്ടിക പഞ്ചായത്ത് തരുന്ന മുറക്ക് ആധാരം നല്‍കുന്നതിന് സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡ് തയാറാണെന്ന് ഹൗസിങ് ബോര്‍ഡ് ചെയര്‍മാന്‍ പി പ്രസാദ് പറഞ്ഞു.