പത്തനംതിട്ട: രാത്രികാല യാത്രക്കാരെ വടിവാൾ കാട്ടി ഭീഷണിപ്പെടുത്തി കവർച്ച നടത്തുന്ന സംഘത്തിൽ ഉൾപ്പെട്ട യുവതിയെ തിരുവല്ലയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. ആലപ്പുഴ മുല്ലയ്ക്കൽ പനയ്ക്കച്ചിറയിൽ വീട്ടിൽ അഞ്ചു എന്നു വിളിക്കുന്ന ഷിൻസി ഏലിയാസ് (19)നെയാണ് പുളിക്കീഴ് പൊലീസ് തിരുവല്ലയിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
അട്ടക്കുളങ്ങര വനിതാ ജയിലിൽ കഴിഞ്ഞിരുന്ന ഷിൻസിയെ പുളിക്കീഴ് സ്റ്റേഷൻ പരിധിയിൽ നിന്നും ബൈക്കും മൊബൈൽ ഫോണും മോഷ്ടിച്ച കേസിന്‍റെ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. ഷിൻസിയ്ക്കൊപ്പം കഴിഞ്ഞ മാസം 19ന് പിടിയിലായ കാമുകൻ വിനീത്, കൂട്ടാളികളായ മിഷേൽ എന്നിവർ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിൽ നിന്നും രക്ഷപെട്ടിരുന്നു. ഈ സംഘം തന്നെയാണ് കഴിഞ്ഞ രണ്ടാഴ്ചക്കാലമായി തിരുവല്ലയുടെ വിവിധ പ്രദേശങ്ങളിൽ രാത്രികാല യാത്രക്കാരെ ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണും കവർന്നിരുന്നതെന്നാണ് പൊലീസിന്‍റെ നിഗമനം. ഇവർക്ക് വേണ്ടിയുള്ള തെരച്ചിൽ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. തിരുവല്ല കോടതിയിൽ ഹാജരാക്കിയ ഷിൻസിയെ റിമാന്‍റ് ചെയ്തതു.