പത്തനംതിട്ട: എലിപ്പനി ബാധിച്ച് യുവതി മരിച്ചു. തിരുവല്ല തിരുമൂലപുരം പെമ്പള്ളിക്കാട്ട് മലയില്‍ അമ്പിളി (40) യാണ് മരിച്ചത്. എലിപ്പനി ബാധിച്ചതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അമ്പിളി ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്
മഴ ശക്തമായതിനെ തുടര്‍ന്ന് എലിപ്പനി വ്യാപകമാകാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി. ശരിയായ പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ എലിപ്പനി രോഗബാധയും ഇതുമൂലമുള്ള മരണവും ഒഴിവാക്കാന്‍ സാധിക്കും.
എലി, അണ്ണാന്‍, പശു, നായ, പൂച്ച എന്നിവയുടെ മലമൂത്ര വിസര്‍ജ്യങ്ങള്‍ കലര്‍ന്ന മലിനമായ ജലവുമായി സമ്പര്‍ക്കം ഉണ്ടാകുമ്പോഴാണ് രോഗാണുബാധ ഉണ്ടാകുന്നത്.
ALSO READ: ബാലാകോട്ട് വ്യോമാക്രമണത്തിലെ താരം അഭിനന്ദൻ വർധമാന് വിങ് കമാൻഡറായി സ്ഥാനക്കയറ്റം
മലിനജല സമ്പര്‍ക്കം പരമാവധി ഒഴിവാക്കുക. മലിനജല സമ്പര്‍ക്കമുണ്ടായാല്‍ കാലും കയ്യും സോപ്പുപയോഗിച്ച് കഴുകണം. ദുരന്തമേഖലകളില്‍ ശുചീകരണ, ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍, ശുചീകരണ തൊഴിലാളികള്‍, വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നിവര്‍ സുരക്ഷ ഉപാധികളായ കയ്യുറ, കാല്‍മുട്ട് വരെയുള്ള പാദരക്ഷകള്‍ എന്നിവ ധരിക്കണം.
എലിപ്പനിക്കെതിരെ ഡോക്‌സി സൈക്ലിന്‍ പ്രതിരോധ ഗുളിക കഴിക്കുക. ഈ ഗുളിക എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യമായി ലഭ്യമാണ്. ആവശ്യമുള്ളവര്‍ ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് അവരുടെ നിര്‍ദേശമനുസരിച്ച് ഗുളിക കഴിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.