പത്തനംതിട്ട : ഡിവൈഎഫ്ഐ പത്തനംതിട്ട ജില്ല സമ്മേളനത്തില്‍ അഖിലേന്ത്യ പ്രസിഡന്‍റ് എ.എ റഹീമിനെതിരെ രൂക്ഷ വിമര്‍ശനം. ഡിവൈഎഫ്ഐയുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജ് നിറയെ എ.എ റഹീമിനെ കുറിച്ചുള്ള പോസ്റ്റുകള്‍ നിറഞ്ഞത് മുന്‍നിര്‍ത്തിയായിരുന്നു വിമർശനം. ഇത് വ്യക്തി പൂജയാണോ, പിആര്‍ വര്‍ക്ക് ആണോയെന്ന് വ്യക്തമാക്കണമെന്ന് പ്രതിനിധികള്‍ ആവശ്യപ്പെട്ടു.
പൊലീസിനെതിരെയും സമ്മേളനത്തിൽ രൂക്ഷ വിമര്‍ശനമുയർന്നു. ജില്ലയിലെ ചില പൊലീസ് സ്റ്റേഷനുകള്‍ ആര്‍എസ്‌എസ് ശാഖകളായി മാറിയെന്നായിരുന്നു കുറ്റപ്പെടുത്തല്‍. റീ സൈക്കിള്‍ കേരള ദുരിതാശ്വാസ ഫണ്ടില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നു. ഇതില്‍ കൃത്യതയുള്ള കണക്ക് അവതരിപ്പിയ്ക്കണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു.
ആഭ്യന്തര വകുപ്പില്‍ പോരായ്‌മകള്‍ തുടരുകയാണ്. ഡിവൈഎഫ്‌ഐ നേതാക്കളെ പോലും പൊലീസ് തിരഞ്ഞ് പിടിച്ച് ആക്രമിയ്ക്കുന്നു. കെ റെയില്‍ വിഷയങ്ങളില്‍ വ്യക്തത വരുത്തണമെന്നും ജനങ്ങളിലേക്കിറങ്ങി ചെന്ന് ബോധവത്കരണം നടത്തണമെന്നും ആവശ്യമുയർന്നു.
Also read: നേതാക്കള്‍ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്താല്‍ നടപടിയുണ്ടാകും : കെ സുധാകരന്‍
പത്തനംതിട്ട ഡിവൈഎഫ്‌ഐയില്‍ വിഭാഗീയത നിലനില്‍ക്കുന്നെന്നാണ് സംസ്ഥാന നേതൃത്വത്തിന്‍റെ കണ്ടെത്തല്‍. ജില്ലയിലുടനീളം ഡിവൈഎഫ്‌ഐയില്‍ വിഭാഗീയത കൊടികുത്തി വാഴുന്നതായി സംസ്ഥാന നേതൃത്വം പരാമര്‍ശിച്ചു. തിരുവല്ലയിലെ വിഭാഗീയതയുമായി ബന്ധപ്പെട്ട് പരാതികളുടെ പ്രളയം തന്നെയുണ്ടായി.
ഇരവിപേരൂരില്‍ ഡിവൈഎഫ്‌ഐ നേതാക്കള്‍ മണ്ണ് മാഫിയക്ക് എസ്‌കോര്‍ട്ട് പോകുന്നവരാണെന്ന് ആരോപണമുയര്‍ന്നു. മല്ലപ്പള്ളിയില്‍ പ്രവര്‍ത്തകര്‍ക്ക് അവിഹിത കൂട്ടുകെട്ടുകള്‍ നിരവധിയുണ്ട്. വിഭാഗീയ പ്രവര്‍ത്തനങ്ങളില്‍ ജില്ല നേതാക്കള്‍ക്കും പങ്കുണ്ടെന്ന് സംസ്ഥാന പ്രസിഡന്‍റ് വിമര്‍ശിച്ചു. ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന് വേദിയാകുന്നത് പത്തനംതിട്ടയാണ്.