പത്തനംതിട്ട: കുട്ടികള്‍ കൂടുതലുള്ള കുടുംബങ്ങൾക്ക് സഹായങ്ങൾ നല്‍കുമെന്ന സിറോ മലബാര്‍ സഭ പാലാ രൂപതയുടെ സർക്കുലർ ചർച്ചയായതിന് പിന്നാലെ സമാന സർക്കുലർ പുറത്തിറക്കി സിറോ മലങ്കര കത്തോലിക്ക സഭ പത്തനംതിട്ട രൂപതയും. രണ്ടായിരത്തിന് ശേഷം വിവാഹിതരായ രൂപത അംഗങ്ങൾക്കാണ് സഹായം. നാലോ അതിലധികമോ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് മാസം 2000 രൂപയും മറ്റു സഹായങ്ങളും നൽകുമെന്നാണ് പത്തനംതിട്ട രൂപത പുറത്തിറക്കിയ സർക്കുലറിൽ ഉള്ളത്.
വിവാദമായ പാലാ രൂപതയുടെ സർക്കുലർ
2000ന് ശേഷം വിവാഹിതരായ അഞ്ചു കുട്ടികളില്‍ കൂടുതലുള്ള കുടുംബത്തിന് 1500 രൂപ പ്രതിമാസം സാമ്പത്തിക സഹായം ചെയ്യുമെന്ന് പാലാ രൂപതയുടെ പ്രഖ്യാപനം വിവാദമായിരുന്നു. കുടുംബ വർഷം എന്ന തലക്കെട്ടോടെയാണ് പത്തനംതിട്ട രൂപത സർക്കുലർ പുറത്തിറക്കിയത്. നാലാമത്തെ കുഞ്ഞിന്‍റെ ജനനം മുതല്‍ പ്രസവ ചെലവിലേക്ക് സാമ്പത്തിക സഹായം ആവശ്യമെങ്കില്‍ നല്‍കും. ഇത്തരം കുടുംബങ്ങളില്‍ നിന്നുളളവര്‍ക്ക് സഭ സ്ഥാപനങ്ങളില്‍ ജോലിക്ക് മുന്‍ഗണന നല്‍കും.
ഇത്തരം കുടുംബങ്ങളില്‍ നിന്നുളള കുട്ടികള്‍ക്ക് രൂപതയുടെ സ്‌കൂളുകളില്‍ അഡ്‌മിഷന് മുന്‍ഗണന നല്‍കും. ഈ കുടുംബങ്ങളെ ആധ്യാത്മിക കാര്യങ്ങളില്‍ മുന്നോട്ട് നയിക്കാന്‍ ഒരു വൈദികനെയും കന്യാസ്ത്രീയെയും ചുമതലപ്പെടുത്തുമെന്നും സർക്കുലറിൽ പറയുന്നു. കൂടുതല്‍ കുഞ്ഞുങ്ങളെ സ്വീകരിക്കാന്‍ ദമ്പതികളെ ഒരുക്കുന്നതിന് വേണ്ടിയാണ് സഹായങ്ങൾ നല്‍കുന്നതെന്ന് രൂപത അധ്യക്ഷന്‍ ഡോ സാമുവേല്‍ മാര്‍ ഐറേനിയോസ് സർക്കുലറിൽ വ്യക്തമാക്കുന്നു.
READ MORE: അഞ്ചിൽ കൂടുതല്‍ കുട്ടികളുണ്ടെങ്കിൽ ധനസഹായം ; ആനുകൂല്യങ്ങളുമായി പാലാ രൂപത