പത്തനംതിട്ട: അമേരിക്കയിൽ മലയാളി കൊവിഡ് ബാധിച്ച് മരിച്ചു. തിരുവല്ല കാവുംഭാഗം കിഴക്കുംമുറി വഞ്ചിപ്പാലം ഗ്രേസ് വില്ലയിൽ ജോൺ വർക്കിയുടെ ഭാര്യ ഏലിയാമ്മ ( 65) ആണ് മരിച്ചത്. ഏലിയാമ്മയും കുടുംബവും 15 വർഷമായി ന്യൂയോർക്കിൽ സ്ഥിര താമസക്കാരാണ്. ദുബായിയിൽ നഴ്സായിരുന്ന ഏലിയാമ്മ ജോലിയുടെ ഭാഗമായാണ് അമേരിക്കയിൽ എത്തിയത്. ജോലിയിൽ നിന്നും വിരമിച്ച ശേഷം കുടുംബവുമൊത്ത് ന്യൂയോർക്കിൽ തുടരുകയായിരുന്നു. വെളിയാഴ്ച്ച രാത്രി ശ്വാസതടസത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇവർ ഞായറാഴ്ച രാത്രി എട്ടു മണിയോടെ മരിക്കുകയായിരുന്നു. 2019 ഓഗസ്റ്റിലാണ് ഏലിയാമ്മയും കുടുംബവും അവസാനമായി നാട്ടിലെത്തിയത്. മക്കൾ : ജിനു , പരേതനായ ജിജു. സംസ്കാരം ന്യൂയോർക്കിൽ നടക്കും.
ഞായറാഴ്ച ഉച്ചയോടെ ന്യൂയോർക്കിലെ എൽമണ്ടിൽ തിരുവല്ല വളഞ്ഞവട്ടം സ്വദേശിയും മൂന്നാം വർഷ ബിരുദ വിദ്യാർഥിയുമായ ഷോൺ എസ് ഏബ്രഹാം മരണമടഞ്ഞിരുന്നു. കോട്ടയം കുറുപ്പുന്തറ ഇരവിമംഗലം പഴഞ്ചിറയിൽ ജോർജ് പോളിന്‍റെ ഭാര്യ ബീന (54) അയർലണ്ടിലും, മലപ്പുറം ചെമ്മാട് സ്വദേശിയും പെരുവള്ളൂർ പറമ്പിൽ പീടികയിൽ താമസക്കാരനുമായ നടമ്മൽ പുതിയകത്ത് സഫ്വാൻ (41) റിയാദിലും, ന്യൂയോർക്കിലെ ക്യൂൻസിൽ സ്ഥിര താമസമാക്കിയ മെട്രോപൊലിറ്റൻ ട്രാൻസ്പോർട്ട് അഥോറിറ്റി ഉദ്യോഗസ്ഥൻ തൊടുപുഴ മുട്ടം ഇഞ്ച നാട്ട് തങ്കച്ചൻ (51) എന്നിവരാണ് കൊവിഡ് ബാധിച്ച് വിദേശത്ത് മരിച്ച മറ്റ് മലയാളികൾ.