പത്തനംതിട്ട: പന്തളം സര്‍വീസ് സഹകരണ ബാങ്കില്‍ ഇടപാടുകാർ പണയം വച്ച 70 പവന്‍ സ്വര്‍ണം സ്വകാര്യ ബാങ്കിൽ പണയപ്പെടുത്തി തട്ടിപ്പ് നടത്തിയ ബാങ്കിലെ ജീവനക്കാരനെ അറസ്റ്റ് ചെയ്‌ത് നിയമ നടപടികൾ സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ട് ബിജെപി ബാങ്കിന് മുന്നിൽ നടത്തിയ സമരത്തിൽ സംഘർഷം. ബിജെപി സമരം നടന്നു വരുന്നതിനിടെ ഡിവൈഎഫ്‌ഐ പ്രവത്തകര്‍ ബാങ്ക് തുറക്കാന്‍ ശ്രമിച്ചതാണ് സംഘർഷത്തിൽ കലാശിച്ചത്. ജീവനക്കാരനെതിരെ നടപടി എടുക്കാതെ ബാങ്ക് തുറക്കാന്‍ അനുവദിക്കില്ലന്ന നിലപാടിൽ ഇന്നലെ മുതൽ രാത്രിയിലും ബിജെപി പ്രവർത്തകർ ബാങ്കിന് മുന്നിൽ സമരം തുടർന്ന് വരികയായിരുന്നു.
ഇതിനിടെയാണ് ഇന്ന് രാവിലെ ഡിവൈഎഫ്‌ഐ പ്രവത്തകര്‍ ബാങ്ക് തുറക്കാന്‍ ശ്രമിച്ചത്. ഇതിനെ ചൊല്ലിയുള്ള തര്‍ക്കം ആണ് സംഘർഷത്തിൽ കലാശിച്ചത്. പൊലീസ് സ്ഥലത്തെത്തി പ്രവര്‍ത്തകരെ അറസ്റ്റു ചെയ്‌ത് നീക്കി.
പൊലീസ് സ്റ്റേഷന് മുന്നിൽ ബിജെപി പ്രവർത്തകർ സമരം തുടരുകയാണ്. പന്തളം സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാരന്‍ ബാങ്കില്‍ നിന്ന് സ്വര്‍ണം എടുത്തത് അറിഞ്ഞിട്ടും കേസ് ഒത്തുതീര്‍പ്പാക്കാനാണ് ഭരണസമിതി ശ്രമിച്ചതും മോഷണക്കുറ്റം ഉൾപ്പെടെ ചുമത്താവുന്ന സംഭവമായിട്ടും ഭരണസമിതി പൊലീസിനെ സമീപിച്ചില്ല എന്നതും ദുരൂഹതയാണെന്ന് സമര രംഗത്തുള്ള ബിജെപിയും കോൺഗ്രസും ആരോപിച്ചു. സിപിഎം നിയന്ത്രണത്തിലുള്ളതാണ് ബാങ്ക് ഭരണസമിതി. ബാങ്കിൽ നിന്നും സ്വര്‍ണം തിരിമറി നടത്തിയ അര്‍ജുന്‍ പ്രമോദ് സിപിഎം മുന്‍ പന്തളം ഏരിയ സെക്രട്ടറി പ്രമോദിന്‍റെ മകനാണ്. ഇയാളും സജീവ പാര്‍ട്ടി പ്രവര്‍ത്തകനാണ്.
ക്ലര്‍ക്ക് തസ്‌തികയിലോ അതിന് മുകളിലോ ഉള്ളവര്‍ മാത്രമെ ബാങ്കിലെ പണമിടപാടും ലോക്കറും കൈകാര്യം ചെയ്യാന്‍ പാടുള്ളു എന്ന ചട്ടം നിലനിൽക്കെയാണ് ക്ലാർക്ക് തസ്‌തികയിൽ ഒരുവർഷം മുൻപ് ജോലിയിൽ കയറിയ അർജുൻ ലോക്കറിൽ നിന്നും സ്വർണം എടുത്ത് തിരിമറി നടത്തിയിരിക്കുന്നത്. ഇതിന് പിന്നിൽ പ്രവർത്തിച്ച മുഴുവൻ പേരെയും സമഗ്ര അന്വേഷണം നടത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരണം എന്നാണ് സമരക്കാർ ആവശ്യപ്പെടുന്നത്. ബാങ്കിന്‍റെ പരാതി കിട്ടാതെ നടപടി എടുക്കാന്‍ കഴിയില്ലെന്നാണ് പോലീസ് പറയുന്നത്.