പത്തനംതിട്ട: രണ്ടാനച്ഛന്‍ നാല് വയസുകാരനെ മര്‍ദിച്ച് കൈയൊടിച്ചതായും മാസങ്ങള്‍ മാത്രം പ്രായമായ ഇളയ കുട്ടിയെ വിൽപ്പന നടത്തിയതായും സംശയം. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ജില്ല ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ അടൂര്‍ എസ്‌എച്ച്‌ഒയ്‌ക്ക് നിര്‍ദേശം നൽകി.
ആദ്യ വിവാഹത്തില്‍ ജനിച്ച നാല് വയസുള്ള കുട്ടിയെ അമ്മയോടൊപ്പം ഉള്ളയാൾ ദേഹോപദ്രവം ഏൽപ്പിച്ചതായും കുട്ടിയുടെ കൈയ്‌ക്ക് ഒടിവ് സംഭവിച്ചതായും സിഡബ്ലിയുസിക്ക് വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ നാല് വയസുകാരൻ കഴിഞ്ഞത് വൃത്തിഹീനവും മതിയായ ഭക്ഷണവും കിട്ടാത്ത നിലയിലുമാണെന്ന് കണ്ടെത്തി.
തുടർന്ന്, രണ്ടാമത്തെ കുഞ്ഞിനെ കുറിച്ച് അന്വേഷിച്ചപ്പോൾ ഇളയ കുട്ടിയെ വളര്‍ത്തുവാനായി കൊല്ലത്തുള്ള സഹോദരിയെ ഏൽപ്പിച്ചിരിക്കുകയാണെന്ന് ഇയാൾ ഉദ്യോഗസ്ഥരെ അറിയിച്ചു. എന്നാൽ, കുട്ടിയുടെ അമ്മയേയും ഇയാളെയും കൂടുതൽ ചോദ്യം ചെയ്‌തപ്പോൾ വ്യത്യസ്‌തമായ മറുപടികൾ പറഞ്ഞത് അന്വേഷണ ഉദ്യോഗസ്ഥരിൽ സംശയം ജനിപ്പിക്കുകയായിരുന്നു. തുടർന്ന് സംഭവത്തില്‍ കൂടുതൽ അന്വേഷണം നടത്താന്‍ അടൂര്‍ പൊലീസിനോടും നാല് വയസുകാരനെ ഏറ്റെടുത്ത് സ്ഥാപനത്തിലെത്തിക്കാന്‍ ചൈല്‍ഡ്‌ലൈനിനോടും നിര്‍ദേശിച്ചാണ് സിഡബ്ലിയുസി ഉത്തരവ് നല്‍കിയതെന്ന് ചെയര്‍മാന്‍ അഡ്വ എന്‍ രാജീവ് അറിയിച്ചു.