പത്തനംതിട്ട: അതിഥി തൊഴിലാളികൾ വാടകയ്ക്ക് താമസിച്ചിരുന്ന വീടിനോട് ചേർന്നുള്ള പുരയിടത്തിൽ നട്ടു വളർത്തിയ കഞ്ചാവ് ചെടി പൊലീസും എക്‌സൈസും ചേർന്നു പിടികൂടി. പന്തളം കടക്കാട് ചന്തയ്ക്ക് സമീപം വാടകയ്ക്കു നൽകിയിരുന്ന വീടിനോടു ചേർന്ന പുരയിടത്തിൽ നിന്നാണ് കഞ്ചാവ് ചെടി പിടികൂടിയത്.
ALSO READ: മലപ്പുറത്ത് മാരക ലഹരി മരുന്നുകളുമായി യുവാവ് പിടിയില്‍
ഏഴു മാസം പ്രായമുള്ള കഞ്ചാവ് ചെടി ഇവിടെ താമസിച്ചിരുന്നവരാകാം നട്ടു പരിപാലിച്ചതെന്ന് പൊലീസ് അറിയിച്ചു. കഞ്ചാവ് ചെടി ഉയരം വെച്ചതോടെ ഇത് കാറ്റിൽ ഒടിഞ്ഞു വീഴാതിരിക്കാൻ താങ്ങു നൽകി സംരക്ഷിച്ചു വരികയായിരുന്നു. അസാധാരണമായ ചെടി കണ്ടു സംശയം തോന്നിയ സമീപവാസി വിവരം ജനപ്രതിനിധിയെ അറിയിച്ചു. ഇയാൾ വിവരമറിയിച്ചതിനെ തുടർന്നാണ് പൊലീസും എക്‌സൈസും സ്ഥലത്തെത്തിയത്.
ALSO READ: വ്യാജ ചാരായം വാറ്റിയ സംഘത്തെ എക്‌സൈസ് പിടികൂടി
ഇവിടെ താമസിച്ചിരുന്ന ബംഗാൾ സ്വദേശികളായ അതിഥി തൊഴിലാളികൾ മൂന്നു മാസം മുൻപ് നാട്ടിലേക്ക് പോയതായാണ് വിവരം. പിഴുതെടുത്ത കഞ്ചാവ് ചെടി എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു.