പത്തനംതിട്ട: പന്തളം സര്‍വീസ് സഹകരണ ബാങ്കില്‍ ഇടപാടുകാർ പണയം വച്ച 70 പവന്‍ സ്വര്‍ണം കടത്തിയതായി പരാതി. ബാങ്കിലെ ജീവനക്കാരനായ അര്‍ജുന്‍ പ്രമോദാണ് സ്വര്‍ണം തട്ടിയത്. സ്വര്‍ണം പണയം വച്ചവര്‍ തിരിച്ചെടുക്കാനെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ബാങ്കില്‍ നിന്ന് തട്ടിയ സ്വര്‍ണം ഇയാള്‍ മറ്റൊരു ബാങ്കില്‍ പണയപ്പെടുത്തിയിരിക്കുകയാണ്.
സ്വര്‍ണം കാണാത്തതിനെ തുടര്‍ന്ന് സി.സി.ടി.വി പരിശോധിച്ചപ്പോള്‍ ലോക്കറില്‍ നിന്ന് അര്‍ജുന്‍ സ്വര്‍ണം എടുത്ത് കൊണ്ടുന്ന ദൃശ്യം ലഭിച്ചു. പാര്‍ട്ടി നോമിനിയായി ഒരു വര്‍ഷം മുമ്പാണ് ഇയാള്‍ ജോലിയില്‍ പ്രവേശിച്ചത്. ബാങ്ക് അധകൃതര്‍ ഇടപാടുകാരുമായി രഹസ്യ ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചുെവങ്കിലും വിവരം പുറത്തറിഞ്ഞു. ഇതോടെ തട്ടിയ സ്വര്‍ണത്തില്‍ പകുതിയോളം ഇയാള്‍ തിരിച്ചെത്തിച്ചു.
സംഭവത്തില്‍ ഉടന്‍ നടപടിയുടക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തി. അതേസമയം മോഷണം സംബന്ധിച്ച് ബാങ്ക് അധികൃതര്‍ ഇതുവരെ പൊലീസിൽ ഉൾപ്പെടെ പരാതി നല്‍കിയിട്ടില്ല.