പത്തനംതിട്ട: ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ (Aranmula Parthasarathy Temple) ഉത്രട്ടാതി ജലമേളയുടെ ഭാഗമായി നടക്കുന്ന ആറന്മുള വള്ളസദ്യ (Aranmula Vallasadya) വഴിപാടിനായി പള്ളിയോട സേവാസംഘം (Palliyoda Seva Sangam ) ബുക്കിംഗ് പുനഃരാരംഭിച്ചു. കൊവിഡിന്‍റെ പശ്ചാത്തലത്തിൽ രണ്ട് വർഷമായി ചടങ്ങ് മാത്രമായാണ് വള്ളസദ്യ വഴിപാട് നടത്തി വന്നത്.
വഴിപാടിനായി കേരളത്തിനകത്തും പുറത്തും നിന്ന് ധാരാളം ഭക്തരാണ് എത്തുന്നത്. 2017 മുതൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും വഴിപാട് നടത്തുന്നതിനായി ഭക്തർ എത്തിയിരുന്നു. കിഴക്ക് ഇടക്കുളം മുതൽ പടിഞ്ഞാറ് ചെന്നിത്തല വരെയുള്ള 52 കരകളും എല്ലാ വർഷവും ഒരു വള്ളസദ്യയിലെങ്കിലും പങ്കെടുത്തിരുന്നു.
Also Read: കൊവിഡില്‍ തെളിച്ചം നഷ്ടപ്പെട്ട് ആറന്‍മുള കണ്ണാടി
കൊവിഡിനെ തുടർന്ന് 2020 ൽ ഒരു പള്ളിയോടത്തിനും 2021 ൽ മൂന്ന് പള്ളിയോടങ്ങൾക്കും മാത്രമാണ് വള്ളസദ്യ വഴിപാടിൽ പങ്കെടുക്കാൻ കഴിഞ്ഞത്. ആരാധനാലയങ്ങളിൽ പ്രവേശിക്കുന്നതിന് കൂടുതൽ ഇളവ് ലഭിച്ചതും കണക്കിലെടുത്താണ് അടുത്ത വർഷത്തേക്കുള്ള വള്ളസദ്യ വഴിപാടിനായി ബുക്കിംഗ് തുടങ്ങിയത്. 2022 ഓഗസ്റ്റ് ആദ്യവാരം മുതൽ ഒക്ടോബർ ആദ്യവാരം വരെ വള്ളസദ്യ വഴിപാടുകൾ നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷ. ഓഫീസ് നമ്പര്‍. 8281113010, 04682313010.