ശബരിമല: ഭക്തര്‍ക്ക് സഹായമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്ഡിന്റെ അനൗണ്സ്മെന്റ് സംവിധാനം. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ അനൗണ്‍സ്‌മെന്‍റ് കേന്ദ്രം കൂട്ടം തെറ്റിയ ഭക്തർക്ക് നൽകുന്ന ആശ്വസം വലുതാണ്.
കൂട്ടം തെറ്റിയ ഭക്തജനങ്ങളുടെ വിഷമത്തിന് വേഗത്തിൽ പരിഹാരം കാണുക എന്നതാണ് അനൗണ്സ്മെന്റ് സംവിധാനം കൊണ്ട് ദേവസ്വം ബോർഡ് പ്രധാനമായും ലക്ഷ്യമിടുന്നത്. ശബരിമലയിലെ തിരക്കിൽ പെടുന്നവർക്ക് ഇവിടെ എത്തി സന്ദേശം കൈമാറാം. അനൗണ്‍സ്‌മെന്‍റ് സംവിധാനത്തിൽ മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളില്‍ വിവരങ്ങൾ അനൗൺസ് ചെയ്യും. മലയാളം അനൗണ്സ്മെന്റ് കൈകാര്യം ചെയ്യുന്നത് കോഴഞ്ചേരി ഗോപാലകൃഷ്ണനാണ്. തമിഴ്, തെലുങ്ക്, കന്നട ഹിന്ദി, ഇംഗ്ലീഷ് അനൗണ്‍സ്‌മെന്‍റ് നടത്തുന്നത് ബംഗളൂരു സ്വദേശി ആര്‍.എം.ശ്രീനിവാസാണ്. വലിയ നടപ്പന്തലിലാണ് ഈ അനൗണ്‍സ്‌മെന്‍റ് ഓഫീസ് പ്രവർത്തിക്കുന്നത്. കൂട്ടം തെറ്റി വരുന്ന അയ്യപ്പഭക്തര്‍ക്കും അതിഥികള്‍ക്കും ഇരിക്കാനുള്ള മുറി, അനൗണ്സ്മെന്റ് മുറി എന്നിങ്ങനെയുള്ള സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. ശബരിമലയെ സംബന്ധിച്ച എന്ത് വിവരങ്ങളും ഈ സഹായ കേന്ദ്രത്തിൽ നിന്ന് ലഭ്യമാണ്.