പത്തനംതിട്ട: അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ഗര്‍ഭസ്ഥ ശിശു മരിച്ചു. ഐവര്‍കാലനടുവിൽ പുത്തനമ്പലം വിഷ്ണു ഭവനില്‍ വിനീത്-രേഷ്മ ദമ്പതികളുടെ കുഞ്ഞാണ് വ്യാഴാഴ്ച അടൂർ ജനറൽ ആശുപത്രിയിൽ മരിച്ചത്. ഇതെത്തുടര്‍ന്ന് വിനീത് നല്‍കിയ പരാതിയില്‍ അടൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മരണകാരണം ഡോക്‌ടറുടെ അനാസ്ഥയാണെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി.
ബുധനാഴ്ച (28.09.2022) വൈകിട്ടാണ് രേഷ്മയെ പ്രസവത്തിനായി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാത്രിയില്‍ രേഷ്മയ്ക്ക് അസഹനീയമായ വേദന അനുഭവപ്പെട്ടപ്പോള്‍ ശസ്‌ത്രക്രിയയിലൂടെ പുറത്തെടുക്കാന്‍ ആവശ്യപ്പെട്ടിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍ ശസ്‌ത്രക്രിയയിലൂടെ പുറത്തെടുത്തപ്പോള്‍ കുഞ്ഞ് മരിച്ച നിലയിലായിരുന്നു.
ഇതേസമയം ഇന്നലെ (29.09.2022) രാവിലെ 11ന് കുഞ്ഞിന് അനക്കകുറവുണ്ടെന്ന് രേഷ്മ നഴ്‌സുമാരെ അറിയിച്ചിരുന്നു. ഇതുപ്രകാരം സ്ഥലത്തെത്തി പരിശോധന നടത്തിയ ഡോക്‌ടര്‍ പുറത്തുപോയ ശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞാണ് തിരികെ എത്തിയതെന്നും രേഷ്മയുടെ ഭര്‍ത്താവ് വിനീത് ആരോപിച്ചു.
അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി: അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിന് മുൻപ് കുഞ്ഞ് മരിച്ച സംഭവത്തില്‍ അന്വേഷണം നടത്താന്‍ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് നിര്‍ദേശം നല്‍കി. ആരോഗ്യ വകുപ്പ് ഡയറക്‌ടര്‍ക്കാണ് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയത്. വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കാനും നിര്‍ദേശമുണ്ട്.