പത്തനംതിട്ട: പതിനഞ്ചുകാരിയായ പെണ്‍കുട്ടിയെ ബൈക്കില്‍ കൂട്ടികൊണ്ടു പോയി മദ്യം നല്‍കിയ സംഭവത്തിലും കുട്ടിയെ പീഡനത്തിനിരയാക്കിയ സംഭവത്തിലും രണ്ട് യുവാക്കള്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ കുടുംബ സുഹൃത്തായ ചെങ്ങന്നൂര്‍ പാണ്ടനാട് സ്വദേശി അനന്ദു(26), പെണ്‍കുട്ടിയുടെ പിതാവിന്‍റെ സുഹൃത്തായ അടൂര്‍ സ്വദേശി സഞ്ജു സുഗതന്‍ (26) എന്നിവരാണ് അറസ്റ്റിലായത്. ബുധനാഴ്‌ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം.
അടുര്‍ തോട്ടുവ പള്ളിയ്ക്ക് സമീപത്ത് നിന്ന് സഞ്ജു പെണ്‍കുട്ടിയെ ബൈക്കില്‍ കൂട്ടി കൊണ്ടു പോവുകയും പെണ്‍കുട്ടിയുടെ സഹപാഠിയുടെ വീട്ടിലെത്തിക്കുകയുമായിരുന്നു. തുടര്‍ന്ന് സഞ്ജു പെണ്‍കുട്ടിക്കും സഹപാഠിക്കും മദ്യം നല്‍കുകയും ചെയ്തു. എന്നാല്‍ സഞ്ജു പെണ്‍കുട്ടിയെ കൂട്ടികൊണ്ടു പോയത് കുടുംബ സുഹൃത്തായ അനന്ദു അറിഞ്ഞു.
ഇതോടെ അനന്ദു പെണ്‍കുട്ടിയുടെ മാതാവിനോടും അടൂര്‍ പൊലിസിലും വിവരമറിയിച്ചു. ശേഷം പെണ്‍കുട്ടിയുടെ മാതാവിനെയും കൂട്ടി അനന്ദു ചെങ്ങന്നൂരിലെ സഹപാഠിയുടെ വീട്ടിലെത്തി. പരാതി ലഭിച്ചതോടെ പൊലിസും സംഭവ സ്ഥലത്തെത്തിയിരുന്നു.
തുടര്‍ന്ന് പെണ്‍കുട്ടിയോട് വിശദമായി കാര്യങ്ങള്‍ അന്വേഷിച്ചതോടെയാണ് പീഡന വിവരങ്ങള്‍ പുറത്തറിഞ്ഞത്. സഞ്ജുവും അനന്ദുവും പെണ്‍കുട്ടിയെ നേരത്തെയും പീഡിപ്പിച്ചിട്ടുണ്ടെന്ന് പെണ്‍കുട്ടി പറയുകയായിരുന്നു. ചെങ്ങന്നൂരിലെ പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ചും, ഇപ്പോള്‍ കുട്ടിയും കുടുംബവും താമസിക്കുന്ന അടൂരിലെ വീട്ടില്‍ വെച്ചും അനന്ദു പലതവണ പീഡിപ്പിച്ചിട്ടുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞു.
സംഭവത്തില്‍ പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇരുവര്‍ക്കുമെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. അടൂർ പൊലീസ് ഇൻസ്‌പെക്ടർ ടി ഡി പ്രജീഷിന്‍റെ നേതൃത്വത്തില്‍ എസ് ഐ മാരായ വിമൽ, മനീഷ്, ബിജു ജേക്കബ്, സി പി ഓമാരായ റോബി, സൂരജ്, ശ്രീജിത്ത്, രതീഷ്, സതീഷ്, അനുപ എന്നിവരാണ് അന്വേഷണ സംഘത്തിലുളളത്.
also read: ഇടുക്കി കൂട്ട ബലാത്സംഗം: അമ്മ അറസ്റ്റില്‍, പിടിയിലായവരുടെ എണ്ണം 8 ആയി