പാലക്കാട്: അട്ടപ്പാടിയിൽ നടന്ന യൂത്ത് കോൺഗ്രസ് ജില്ല ക്യാമ്പിലെ കലാപത്തെത്തുടർന്ന് 26 നേതാക്കളെ പുറത്താക്കി. ജില്ല ജനറൽ സെക്രട്ടറിമാരായ ശരൺജിത്, കെ മിൻഹാസ്, സെക്രട്ടറിമാരായ വിനീഷ് കരിമ്പാറ, എസ് ശിവരാജ്, ആകർഷ് കെ നായർ, കെ ബിജു, ദിൽബി ജോസഫ്, പി വി ഹരി, എൻ ശ്രീപതി, സുരേഷ്, കെ സാജൻ, ജില്ലാ വൈസ് പ്രസിഡന്‍റുമാരായ രോഹിത് കൃഷ്‌ണൻ, രതീഷ് പുതുശേരി, സി നിത്യ, നിർവാഹകസമിതി അംഗങ്ങളായ മൻസൂർ മണലാഞ്ചേരി, എൻ ദിലീപ്, എ ബൈജു, ദീപക് ഗംഗാധരൻ, എസ് പി ജയറാം, കെ വി ഹുസൈൻ, കെ എം കെ ബാബു, രാഹുൽ കൃഷ്‌ണ, സുനീഷ് എബ്രഹാം, ടി കെ ഷൻഫി, പി വി വിനൂബ്, നെന്മാറ നിയോജക മണ്ഡലം പ്രസിഡന്‍റ് എസ് വിനോദ് എന്നിവരെയാണ് പുറത്താക്കിയത്.
ഇവരെ സ്ഥാനങ്ങളിൽനിന്ന് നീക്കിയതായി സംസ്ഥാന ജനറൽ സെക്രട്ടറി ജോബിൻ ജേക്കബ് ജില്ല പ്രസിഡന്‍റ് ടി എച്ച് ഫിറോസ് ബാബുവിന് കത്തയച്ചു. രമ്യ ഹരിദാസ് എംപിക്കെതിരെ മോശമായ പരാമർശം നടത്തിയതിന് തരൂർ മണ്ഡലം പ്രസിഡന്‍റ് സുനിൽകുമാറിനെ കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്‌തു.
സംഘടന വിരുദ്ധമായി പെരുമാറി എന്നതാണ് വിനീഷ് കരിമ്പാറയ്‌ക്കെതിരെയുള്ള കുറ്റം. രോഹിത് കൃഷ്‌ണനെയും എസ് വിനോദിനെയും സംഘടന ക്യാമ്പിലെ മോശമായ പെരുമാറ്റത്തിനാണ് നീക്കിയത്. അട്ടപ്പാടിയിലെ ക്യാമ്പിൽ നിന്ന് പ്രതിഷേധിച്ച് ഇറങ്ങിപ്പോയതിനാണ് ബാക്കിയുള്ളവരെ സ്ഥാനങ്ങളിൽ നിന്ന് നീക്കിയത്.
കെഎസ്‌യു പ്രവർത്തകൻ രഞ്ജിത്തിനെ ഭീഷണിപ്പെടുത്തിയ യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി വിനീഷ് കരിമ്പാറക്കെതിരെ നടപടിയില്ലാത്തതിൽ പ്രതിഷേധിച്ചാണ് ഇവർ ക്യാമ്പ് വിട്ടത്. വിനീഷിനെതിരെയുള്ള പരാതി അന്വേഷിക്കാൻ സംസ്ഥാന ജനറൽ സെക്രട്ടറിമാരായ നൗഫൽ ബാബുവിനെയും സി പ്രമോദിനെയും ചുമതലപ്പെടുത്തി.
ഡിസംബർ അഞ്ചിന് കോൺഗ്രസ് ജില്ല കമ്മിറ്റി ഓഫിസിൽ യോഗം ചേർന്നിരുന്നു. കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ ഉൾപ്പെടെ യോഗത്തിൽ പങ്കെടുത്തു. കെഎസ്‌യു ജില്ല പ്രസിഡന്‍റ് ജയഘോഷ് ഏകപക്ഷീയമായി പ്രവർത്തിക്കുന്നുവെന്ന് രഞ്ജിത്ത് യോഗത്തിൽ വിമർശിച്ചു.
യോഗത്തിനുശേഷം വിനീഷ് കരിമ്പാറ രഞ്ജിത്തിനെ വിളിച്ച് ഭീഷണിപ്പെടുത്തി. ഇനി ഡിസിസി ഓഫിസിൽ കയറിയാൽ വിവരമറിയുമെന്ന് രഞ്ജിത്തിനോട് വിനീഷ് പറയുന്ന ശബ്‌ദ സന്ദേശം പുറത്തായിരുന്നു.