പാലക്കാട്: ആധാർ കാർഡിലെ തെറ്റായ വിവരങ്ങൾ തിരുത്തുന്നതിന് ഗസറ്റഡ് ഓഫിസറുടെ ഒപ്പ് വാങ്ങാനെത്തിയ യുവതിയോട് ശിരോവസ്‌ത്രം മാറ്റാൻ പാലക്കാട് നഗരസഭ ഉദ്യോഗസ്ഥ ആവശ്യപ്പെട്ടെന്ന് പരാതി. ഹിജാബ് മാറ്റിയാലേ ഒപ്പിടുകയുള്ളുവെന്ന് പറഞ്ഞെന്നാണ് പരാതി. വിവരമറിഞ്ഞ് വിവിധ കക്ഷികളിലെ കൗൺസിലർമാർ പ്രതിഷേധവുമായി ഓഫിസിലെത്തി.
കൗൺസിലർമാർ പ്രതിഷേധിച്ചതിനെത്തുടർന്ന് സെക്രട്ടറി ചുമതല വഹിക്കുന്ന റവന്യൂ ഓഫിസർ അനിതാദേവി മാപ്പുപറഞ്ഞ് ഒപ്പിട്ടുനൽകി. ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയിൽ ചൊവ്വാഴ്‌ചയാണ്(18.10.2022) സംഭവം. മേപ്പറമ്പ് സ്വദേശിനി ഭർത്താവും വാർഡ് കൗൺസിലറുമൊത്താണ് നഗരസഭയിലെത്തിയത്.
അപേക്ഷയിൽ ഒപ്പിടുന്നതിന് മുൻപ് ശിരോവസ്‌ത്രം അഴിച്ച് മുഖം കാണിക്കാനാണ് ആവശ്യപ്പെട്ടതെന്നും, യുവതി താൻ പറഞ്ഞത് തെറ്റിദ്ധരിച്ചതാണെന്നും അനിതാദേവി പറഞ്ഞു. സംഭവമറിഞ്ഞ് കൗൺസിലർമാരായ സെലീന ബീവി (സിപിഎം), ഷജിത്കുമാർ, മൻസൂർ (കോൺഗ്രസ്), എം സുലൈമാൻ (വെൽഫെയർ പാർട്ടി), ഹസനുപ്പ (മുസ്‌ലിം ലീഗ്) എന്നിവർ സെക്രട്ടറിയുടെ കാബിനിൽ എത്തി പ്രതിഷേധിച്ചു.