പാലക്കാട് : അട്ടപ്പാടിയിലെ ജനവാസ മേഖലയിൽ രണ്ട് സ്ഥലങ്ങളിൽ കാട്ടാനയിറങ്ങി. ചിണ്ടക്കിയിലെത്തിയ ഒറ്റയാന്‍ ജീപ്പ് ആക്രമിച്ചു. ജീപ്പിലുണ്ടായിരുന്ന ഏഴുപേർ നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.
വ്യാഴാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. മുക്കാലിയിൽ നിന്ന് നാല് വിദ്യാർഥികളടക്കം യാത്രക്കാരുമായി വന്ന ജീപ്പാണ് കാട്ടാനയുടെ മുമ്പില്‍ അകപ്പെട്ടത്. ഒറ്റയാനെ കണ്ട് ഡ്രൈവർ ചാത്തൻ പുറകോട്ട് എടുക്കാൻ ശ്രമിച്ചെങ്കിലും കാട്ടാന പാഞ്ഞുവന്ന് ആക്രമിക്കുകയായിരുന്നു. വാഹനം കൊമ്പുകൊണ്ട് കുത്തിമറിച്ചിട്ട് കാട്ടാന വീണ്ടും ആക്രമണം തുടര്‍ന്നു. ഈ സമയം ജീപ്പിലുണ്ടായിരുന്നവർ അലറി ബഹളമുണ്ടാക്കിയതോടെ കാട്ടാന തിരിച്ചുപോവുകയായിരുന്നു.
തുടര്‍ന്ന് അൽപ്പം മാറി നിലയുറപ്പിച്ച കാട്ടാനയെ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പടക്കം പൊട്ടിച്ച് കാട്ടിലേക്ക് തുരത്തിയ ശേഷമാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ കഴിഞ്ഞത്. കൽക്കണ്ടി സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി ഇവരെ തിരിച്ച് ഊരിലെത്തിക്കുകയായിരുന്നു. ചാലക്കുടിയിൽ ഹോസ്‌റ്റലിൽ പഠിക്കുന്ന ആദിവാസി വിദ്യാർഥികളെ ക്ലാസ് കഴിഞ്ഞ് ഊരുകളിലേക്ക് തിരിച്ച് കൊണ്ടുവരുന്നതിനായി പോയ ജീപ്പാണ് തിരിച്ച് വരുമ്പോൾ കാട്ടാന ആക്രമിച്ചത്.
വെള്ളമാരിയിൽ ഭവാനി പുഴ കടന്നെത്തുന്ന കാട്ടാനകൾ : ഇക്കഴിഞ്ഞ ബുധനാഴ്‌ചയാണ് അട്ടപ്പാടി വെള്ളമാരിയിൽ ഏഴംഗ കാട്ടാനക്കൂട്ടം സ്വകാര്യ റിസോർട്ടിലെത്തിയത്. മൂന്ന് കുട്ടികളുമുള്ള കാട്ടാനക്കൂട്ടം മാസങ്ങളായി ഈ പ്രദേശത്ത് നാശം വിതയ്ക്കുകയാണ്. ഈ കാട്ടാനക്കൂട്ടം വ്യാഴാഴ്‌ച പകലും വെള്ളമാരിയിലെത്തിയിരുന്നു. നാട്ടുകാർ പടക്കം പൊട്ടിച്ച് തുരത്തിയിരുന്നെങ്കിലും രാത്രി കാട്ടാനക്കൂട്ടം തിരിച്ചെത്തുകയായിരുന്നു. തമിഴ്‌നാട് വനമേഖലയിൽ നിന്നാണ് കാട്ടാനക്കൂട്ടമെത്തുന്നത്. അട്ടപ്പാടിയിൽ കാട്ടാനക്കൂട്ടത്തിനൊപ്പം വിവിധ പ്രദേശങ്ങളിൽ ഒറ്റയാൻമാരും നാശം വിതയ്ക്കുകയാണ്.
മുമ്പും ആക്രമണം : അതേസമയം ഇക്കഴിഞ്ഞ ജനുവരിയില്‍ അട്ടപ്പാടിയിലെത്തിയ ഒറ്റയാന്‍ ഒരു വീട് തകര്‍ക്കാന്‍ ശ്രമിച്ചിരുന്നു. അട്ടപ്പാടി കൂടപ്പെട്ടി സുന്ദരസ്വാമിയുടെ വീടാണ് കാട്ടാന തകര്‍ക്കാന്‍ ശ്രമിച്ചത്. രണ്ട് കുട്ടികള്‍ ഉള്‍പ്പെടുന്ന സുന്ദരസ്വാമിയുടെ കുടുംബം അന്ന് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്കായിരുന്നു. അതുകൊണ്ടുതന്നെ സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിരുന്നില്ല.
'ധോണി'യെ പിടികൂടിയ കഥ : ജനുവരിയില്‍ തന്നെയാണ് പാലക്കാട് ധോണി മേഖലയെ വിറപ്പിച്ച പി.ടി സെവനെയും മയക്കുവെടിവച്ച് പിടികൂടുന്നത്. കുങ്കിയാനകളുടെ സഹായത്തോടെയാണ് ദൗത്യസേന കാട്ടുകൊമ്പനെ അന്ന് മയക്കുവെടിവയ്‌ക്കുന്നതും തുടര്‍ന്ന് ലോറിയില്‍ കയറ്റി ധോണി ഫോറസ്‌റ്റ് ഓഫിസിലെത്തിക്കുന്നതും. മുത്തങ്ങയിൽ നിന്നെത്തിച്ച വിക്രം, ഭരതന്‍, സുരേന്ദ്രൻ എന്നീ കുങ്കിയാനകളുടെ സഹായത്തോടെയാണ് കൊമ്പനെ അന്ന് പിടികൂടിയത്. ഇതില്‍ ഒരു കുങ്കിയാനയെ ഉപയോഗിച്ച് ആനയെ ലോറിയില്‍ കയറ്റാന്‍ ശ്രമിച്ചുവെങ്കിലും വിജയകരമായിരുന്നില്ല.
Also Read: പി.ടി സെവന്‍ ഇനി ധോണി; മന്ത്രി പേരിട്ടത് ആനയെ പിടികൂടിയതിന് പിന്നാലെ
തുടര്‍ന്ന് ഭരതനും വിക്രമനും ഇടത്തും വലത്തും നിന്നും സുരേന്ദ്രൻ പിറകിൽ നിന്നും തള്ളിയാണ് പി.ടി സെവനെ ലോറിയില്‍ കയറ്റിയത്. ഇതിനായി ആനയുടെ കാലുകളില്‍ വടം കെട്ടിയിരുന്നു. മാത്രമല്ല ലോറിയില്‍ കയറ്റുന്നതിന് മുമ്പ് കറുത്ത തുണി ഉപയോഗിച്ച് ആനയുടെ കണ്ണുകള്‍ മൂടിയിരുന്നുവെങ്കിലും പിന്നീട് അത് നീക്കം ചെയ്യുകയായിരുന്നു. ധോണി മേഖലയില്‍ നിന്ന് പിടികൂടിയത് കൊണ്ടുതന്നെ പി.ടി സെവന് പിന്നീട് ധോണി എന്ന് വനം വകുപ്പ് പേരിടുകയും ചെയ്‌തിരുന്നു.