പാലക്കാട്: കാറിൽ കടത്താൻ ശ്രമിച്ച ലഹരിമരുന്നും തോക്ക് അടക്കമുള്ള ആയുധങ്ങളുമായി വ്‌ളോഗറും സുഹൃത്തും എക്സൈസിന്‍റെ പിടിയില്‍. ആലപ്പുഴ മാവേലിക്കര ചുനക്കര സ്വദേശിയും വ്ളോഗറുമായ മംഗലത്ത് വിഘ്നേഷ് വേണു (25), കായംകുളം ഓച്ചിറ കൃഷ്‌ണപുരം കൊച്ചുമുറി എസ് വിനീത് (28) എന്നിവരാണ് അറസ്റ്റിലായത്. വാളയാറിൽ വാഹന പരിശോധനയ്ക്കിടെ നിർത്താതെ പോയതിനെ തുടര്‍ന്ന് എക്‌സൈസ് പിന്തുടര്‍ന്ന് ചെന്നാണ് ഇവരെ വലയിലാക്കിയത്.
പാലക്കാട് ചന്ദ്രനഗറിൽ വച്ച് വ്യാഴാഴ്‌ച (നവംബര്‍ 18) രാത്രിയാണ് എക്സൈസ് നടപടി. 20.44 ഗ്രാം മെത്താംഫെറ്റമിൻ, തോക്ക്, വെട്ടുകത്തികൾ എന്നിവയും ഇവര്‍ സഞ്ചരിച്ച കാറില്‍ നിന്നും കണ്ടെത്തി. വാഹനത്തില്‍ നിന്നും ഇറങ്ങി ഓടിയ ഇരുവരെയും പിന്നാലെ ഓടി എക്സൈസ് പിടികൂടുകയായിരുന്നു. വാളയാർ ടോൾ പ്ലാസയിലെ ഡിവൈഡർ ഇടിച്ചുതകർത്താണ് കാർ പോയത്. പിടിച്ചെടുത്ത തോക്കിന് ലൈസൻസുണ്ടായിരുന്നില്ല. ഇവര്‍ ലഹരി ഉപയോഗിച്ചിരുന്നതിനാൽ ചോദ്യം ചെയ്യലിനോട് സഹകരിച്ചില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
‘വിക്കി തഗ്’ എന്ന യൂട്യൂബ് ചാനലിലൂടെ ശ്രദ്ധേയനാണ് വിഘ്നേഷ്. ഇന്‍സ്റ്റഗ്രാമില്‍ എട്ട് ലക്ഷത്തിലധികം ഫോളോവേഴ്‌സുണ്ട്. കോടതിയിൽ ഹാജരാക്കിയ ശേഷം ഇരുവരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പിടിച്ചെടുത്ത തോക്ക് പൊലീസിന് കൈമാറുമെന്ന് എക്‌സൈസ് അറിയിച്ചു. ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വിഡിയോ ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‌തുവെന്നും എക്‌സൈസിന് വിവരം ലഭിച്ചിട്ടുണ്ട്.