പാലക്കാട് : തെരഞ്ഞെടുപ്പില്‍ തനിക്കെതിരെ ഗൂഢാലോചന നടന്നെന്ന വെളിപ്പെടുത്തലുമായി പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി വികെ ശ്രീകണ്ഠൻ. പാർട്ടിക്കുള്ളിലല്ല ഗൂഢാലോചന നടന്നതെന്നും ആരാണ് ഗൂഢാലോചന നടത്തിയതെന്ന് ഫലപ്രഖ്യാപനത്തിനു ശേഷം തെളിവ് സഹിതം പുറത്തുവിടുമെന്നും വികെ ശ്രീകണ്ഠൻ.
പാലക്കാട് യുഡിഎഫ് നടത്തിയത് വലിയ മുന്നേറ്റമായിരുന്നു. അതിൽ അസൂയ നിറഞ്ഞ ചിലരാണ് തനിക്കെതിരായ ഗൂഢാലോചന നടത്തിയത്. അത് പാർട്ടിയിലോ മുന്നണിയിലോ ഉള്ള ആളുകളല്ല. യുഡിഎഫ് ഒറ്റക്കെട്ടായാണ് പ്രവർത്തിച്ചത്. രാഷ്ട്രീയ എതിരാളികളാണ് ഗൂഢാലോചന നടത്തിയത്. അതു സംബന്ധിച്ച് ഫലപ്രഖ്യാപനത്തിനു ശേഷം പറയുമെന്നും വി കെ ശ്രീകണ്ഠൻ പറഞ്ഞു. കെപിസിസിക്കെതിരെ താൻ പ്രസ്താവന നടത്തിയെന്ന വാർത്തയെയും ശ്രീകണ്ഠൻ തള്ളിക്കളഞ്ഞു. കെപിസിസി ഫണ്ട് നൽകിയില്ലെന്ന് താൻ ആരോപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.