പാലക്കാട് : ജില്ലയിലെ എക്സൈസ് ഓഫിസുകളിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ 10.23 ലക്ഷം രൂപ പിടികൂടി. കള്ളുകൊണ്ടുപോകുന്നതിനുള്ള പെർമിറ്റുകൾ പുതുക്കുന്നതിന്‍റെയും കള്ളുഷാപ്പുകള്‍ക്ക് പെർമിറ്റ് നല്‍കുന്നതിന്‍റെയും പേരില്‍ വന്‍ തോതില്‍ കൈക്കൂലി വാങ്ങുന്നുവെന്ന പരാതിയിലാണ് വിജിലന്‍സ് പരിശോധന. സിവിൽ സ്റ്റേഷനിലുള്ള ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ ഓഫിസ്, കാടാംങ്കോടുള്ള ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ ഓഫിസ് എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.
പാലക്കാട് വിജിലൻസ് ഡിവൈ എസ് പി എം ഗംഗാധരന്റെ നേതൃത്വത്തിലായിരുന്നു മിന്നൽ പരിശോധന. സിവിൽ സ്റ്റേഷനിലെ ഓഫിസിൽ നിന്ന് 2,24,000 രൂപയും കാടാംങ്കോട്ടെ ഓഫിസിൽ നിന്ന് 7,99,600 രൂപയും പിടികൂടി. ഷാപ്പുടമകൾ കൈമാറിയ പണം സിവിൽ സ്റ്റേഷനിലെ ഓഫിസ് പ്യൂണിന്റെ കൈയിൽ നിന്നാണ് പിടിച്ചെടുത്തത്.
Also Read: കൈകൂലി വാങ്ങുന്നതിനിടെ പഴയങ്ങാടി എ.എസ്.ഐ വിജിലൻസ് പിടിയിൽ
എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ ഉച്ചഭക്ഷണത്തിന് പോയ സമയത്തായിരുന്നു വിജിലൻസ് ആൻഡ് ആന്‍റി കറപ്ഷൻ വിഭാഗം ഓഫിസില്‍ എത്തിയത്. കള്ള് പെർമിറ്റ് പുതുക്കൽ സമയം ഏപ്രിൽ 15ന് അവസാനിച്ചെങ്കിലും നടപടികൾക്കായി ചിറ്റൂർ റേഞ്ച്, സർക്കിൾ എന്നിവിടങ്ങളിൽ നേരത്തെ ചില ഉദ്യോഗസ്ഥർ കൈപ്പറ്റിയ കൈക്കൂലിയുടെ വിഹിതം ഉന്നത ഉദ്യോഗസ്ഥർക്ക് പങ്കുവയ്ക്കുന്നതായി ആരോപണം ഉയർന്നിരുന്നു.
വിവിധ ജില്ലകളിലേക്ക് പാലക്കാട്ടുനിന്ന് കള്ളുകൊണ്ടുപോകാനുള്ള പെർമിറ്റിന് ലിറ്ററിന് 12 രൂപ വീതം നാല് ഓഫിസുകളിൽ വാങ്ങുന്നുണ്ടെന്നാണ് വിജിലൻസിന് ലഭിച്ച പരാതി. വർഷത്തിൽ രണ്ട് തവണയാണ് പെർമിറ്റ് പുതുക്കൽ. നവംബറിൽ ചിറ്റൂർ സിഐ ഓഫിസിൽ ഇതേ പരാതിയെ തുടർന്ന് വിജിലൻസ് നടത്തിയ പരിശോധനയിൽ അനധികൃത പണം കണ്ടെത്തിയിരുന്നു. നാലുപേരെ സ്ഥലം മാറ്റുകയും ചെയ്തു.
പരിശോധനയിൽ 10ലക്ഷം പിടികൂടിയതോടെ കൂടുതൽ പണം എക്സൈസ് കൈപ്പറ്റിയിട്ടുണ്ടെന്നാണ് വിജിലൻസിന് ബോധ്യപ്പെട്ടത്. അതിനാൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസ് ചൊവ്വാഴ്ച റിപ്പോർട്ട് നൽകും.