പാലക്കാട് : വടക്കഞ്ചേരിയിൽ കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ച ടൂറിസ്റ്റ് ബസിന്‍റെ ഡ്രൈവര്‍ പിടിയില്‍. കൊല്ലം ചവറയില്‍ വച്ചാണ് ഡ്രൈവര്‍ ജോമോനെ പിടികൂടിയത്. തിരുവനന്തപുരത്തേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഇയാളെ ചവറ പൊലീസ് പിടികൂടുകയായിരുന്നു.
അപകടത്തിന് പിന്നാലെ ഇയാള്‍ തൃശൂരിലെ ആശുപത്രിയില്‍ ചികിത്സ തേടി. പിന്നാലെ അവിടെ നിന്ന് തിരുവനന്തപുരത്തേക്ക് കടക്കാനായിരുന്നു ശ്രമം. അഭിഭാഷകനെ കാണാനായി കാറില്‍ പോകുമ്പോഴാണ് ഇയാള്‍ പൊലീസിന്‍റെ വലയിലായത്.
ജോമോനെ രക്ഷപ്പെടാന്‍ സഹായിച്ച രണ്ട് പേരെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. എറണാകുളം, കോട്ടയം സ്വദേശികളാണ് ഇരുവരും.
നിലവിൽ ജോമോനെ ചവറ പൊലീസ് ചോദ്യം ചെയ്‌തുവരികയാണ്. അന്വേഷണത്തിന്‍റെ ഭാഗമായി വടക്കഞ്ചേരി പൊലീസിന് കൈമാറും.
READ MORE:പാലക്കാട് ടൂറിസ്റ്റ് ബസ് കെ.എസ്.ആര്‍.ടി.സി ബസിലിടിച്ച് കുട്ടികളടക്കം 9 പേര്‍ മരിച്ചു
വടക്കഞ്ചേരി അഞ്ചുമൂര്‍ത്തിമംഗലത്തിന് സമീപം സ്‌കൂളില്‍ നിന്ന് വിനോദയാത്രയ്ക്ക് പോയ ടൂറിസ്റ്റ് ബസ് കെഎസ്‌ആര്‍ടിസി ബസില്‍ ഇടിച്ചാണ് അപകടമുണ്ടായത്. സംഭവത്തില്‍ വിദ്യാര്‍ഥികളടക്കം 9 പേര്‍ മരിച്ചു. 50ഓളം പേര്‍ക്ക് പരിക്കേറ്റു. ഏഴുപേരുടെ നില ഗുരുതരമാണ്.
ഇന്നലെ (ഒക്‌ടോബർ 05) രാത്രി പതിനൊന്നരയോടെയാണ് അപകടമുണ്ടായത്. എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളില്‍ നിന്ന് വിനോദയാത്രയ്ക്ക് പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോകുകയായിരുന്നു വിദ്യാർഥികൾ.
READ MORE: വടക്കഞ്ചേരി വാഹനാപകടം ഗൗരവമായി അന്വേഷിക്കും : മന്ത്രി കെ കൃഷ്‌ണൻകുട്ടി
കൊട്ടാരക്കര- കോയമ്പത്തൂര്‍ സൂപ്പര്‍ഫാസ്റ്റ് ബസുമായി ഇടിച്ചാണ് അപകടമുണ്ടായത്. മരിച്ചവരില്‍ അഞ്ച് പേര്‍ വിദ്യാര്‍ഥികളാണ്. ഒരു അധ്യാപകനും മൂന്ന് കെഎസ്‌ആര്‍ടിസി യാത്രക്കാരുമാണ് അപകടത്തില്‍ മരിച്ച മറ്റ് നാല് പേർ. 41 വിദ്യാര്‍ഥികളും അഞ്ച് അധ്യാപകരും അടങ്ങുന്നതായിരുന്നു വിനോദയാത്രാസംഘം.