പാലക്കാട്: അട്ടപ്പാടി കോട്ടത്തറ ഗവ. ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയെ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തണമെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എ. താലൂക്ക് ആശുപത്രിയായി ഉയര്‍ത്തുന്നതിനൊപ്പം അധിക തസ്തിക സൃഷ്ടിച്ച് നിയമനം നടത്തണമെന്നും കെ.ജി.എം.ഒയെ ആവശ്യപ്പെട്ടു.
ഗര്‍ഭിണികളുടെയും മറ്റു രോഗികളുടെയും സ്‌കാനിംഗ്, സിടി സ്‌കാനിംഗ്, തുടങ്ങിയവക്ക് വേണ്ടി റേഡിയോളജി പിജി കഴിഞ്ഞ മൂന്ന് ഡോക്ടര്‍മാരെ നിയമിക്കണം. സ്‌കാനിംഗ് സൗകര്യം ഉണ്ടായാല്‍ ഗര്‍ഭിണകളുടെയും ഗര്‍ഭസ്ഥ ശിശുക്കളുടെയും ഗുരുതര പ്രശ്‌നങ്ങള്‍ മുന്‍കൂട്ടി കണ്ടെത്താന്‍ കഴിയുകയും. അതുവഴി ശിശുമരണങ്ങള്‍ കുറയ്ക്കാന്‍ കഴിയുമെന്നും കെ.ജി.എം.ഒ.എ വ്യക്തമാക്കി.
ഇവയുള്‍പ്പെടെ 17 നിര്‍ദ്ദേശങ്ങളാണ് സംഘടന സര്‍ക്കാറിന് മുന്നില്‍ വച്ചിരിക്കുന്നത്. ഡോക്ടര്‍മാരടക്കം ആരോഗ്യ ജീവനക്കാര്‍ക്ക് കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ അനുയോജ്യമായ സാഹചര്യം ഒരുക്കണമെന്നും. ഡോക്ടര്‍മാരുടെയും മറ്റു ജീവനക്കാരുടെയും മനോവീര്യം വര്‍ധിപ്പിക്കുന്ന തരത്തിലുള്ള ഇടപെടലുകള്‍ ഉണ്ടാകണമെന്നും സംഘടന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
Also Read: അട്ടപ്പാടിയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി
നിലവില്‍ ഇവിടെ 125-ലധികം കിടപ്പുരോഗികള്‍ ദിവസേനെ ആശുപത്രിയില്‍ എത്തുന്നുണ്ട്. അട്ടപ്പാടിയില്‍ നിന്ന് മെഡിക്കല്‍ കോളജ് പോലുള്ള ആശുപത്രിയിലേക്ക് ഒരു രോഗിയെ നിലവില്‍ റഫര്‍ ചെയ്യാന്‍ മിനിമം 3-4 മണിക്കൂറുകള്‍ എങ്കിലും എടുക്കും. അതിനാല്‍, കോയമ്പത്തൂര്‍, അല്ലെങ്കില്‍ ഇടക്കാലത്തുണ്ടായിരുന്നതുപോലെ പെരിന്തല്‍മണ്ണ ഇ.എം.എസ് ആശുപത്രിപോലുള്ള ഏറ്റവും അടുത്തുള്ള ആശുപത്രികളില്‍ ഏതെങ്കിലും ഒന്നുമായി കൈകോര്‍ക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു.
ഡോക്ടര്‍മാര്‍ക്കും മറ്റുജീവനക്കാര്‍ക്കും ക്യാമ്പസിനുള്ളില്‍ തന്നെ തങ്ങുന്നതിനു വേണ്ടി നിലവിലുള്ള ക്വാര്‍ട്ടേഴ്സുകള്‍ അപര്യാപ്തമാണ്. പി.ജി കോഴ്‌സിന് ശേഷം ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും മറ്റു പാരാമെഡിക്കല്‍ ജീവനക്കാരുടെയും ബോണ്ട് പീരീഡ് (നിര്‍ബന്ധിത സേവനകാലം) ഈ ആശുപത്രയില്‍ നല്‍കണം. ഇവിടെ സേവനം ചെയ്യുന്നവര്‍ക്കു ഉന്നത വിദ്യാഭ്യാസത്തിനു സ്‌പെഷ്യല്‍ കോട്ട നല്‍കണമെന്നും റിപ്പോര്‍ട്ടിലുണ്ട്.