പാലക്കാട് : മീനാക്ഷിപുരത്ത് സ്വര്‍ണ വ്യാപാരിയെ ബസില്‍ നിന്നിറക്കി കൊണ്ടുപോയി സ്വര്‍ണവും പണവും മൊബൈല്‍ ഫോണും കവര്‍ന്ന കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. വിളയോടി അത്തിമണി സ്വദേശി ശ്രീജിത്ത് (28), പാലക്കാട് നൂറണി സ്വദേശി ബി. ബവീർ (31) എന്നിവരാണ് അറസ്റ്റിലായത്. 30 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണവും 23,000 രൂപയും മൊബൈല്‍ ഫോണുമാണ് കവര്‍ന്നത്.
തൃശൂര്‍ കല്ലൂര്‍ പുതുക്കോട് സ്വദേശി റാഫേലിന്‍റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ 26ന് പുലര്‍ച്ചെ അഞ്ചരയോടെ മീനാക്ഷിപുരം സൂര്യപാറയിലാണ് സംഭവം. തൃശൂരിലെ ജ്വല്ലറിയില്‍ നിന്ന് തമിഴ്‌നാട് മധുക്കരയിലെ ജ്വല്ലറിയിലേക്ക് സ്വര്‍ണം കൊണ്ടുപോയി പ്രദര്‍ശനം കഴിഞ്ഞ് തിരിച്ച് സ്വകാര്യ ബസില്‍ വരുമ്പോഴാണ് സംഭവം. ബസിന് പിന്നാലെ റാഫേലിനെ പിന്‍തുടര്‍ന്ന സംഘം സൂര്യപാറയിലെത്തിയപ്പോള്‍ ബസിന് കുറുകെ കാര്‍ നിര്‍ത്തി ഇയാളെ ബലമായി പിടിച്ചിറക്കി.
തുടര്‍ന്ന് ബലമായി കാറില്‍ കയറ്റി ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് മര്‍ദിച്ച് അവശനാക്കിയതിന് ശേഷം സ്വര്‍ണവും പണവും മൊബൈല്‍ ഫോണും കവരുകയായിരുന്നു. റാഫേലിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ല പൊലീസ് മേധാവി കെ വിശ്വനാഥ്, ചിറ്റൂര്‍ ഡിവൈഎസ്‌പി സുന്ദരന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്.
അന്വേഷണത്തെ തുടര്‍ന്ന് പാലക്കാട് നിന്നാണ് ഇരുവരെയും പിടികൂടിയത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസിന്‍റെ വിലയിരുത്തല്‍. സിപിഎം മുന്‍ എംഎല്‍എയുടെ ഡ്രൈവറായിരുന്നു ബി. ബവീര്‍. സിപിഎം നേതാക്കളാണ് കവര്‍ച്ചയ്‌ക്ക് പിന്നിലെന്നാണ് പ്രതിപക്ഷ ആരോപണം. എന്നാല്‍ ബവീര്‍ ഡ്രൈവര്‍ മാത്രമായിരുന്നുവെന്നും പാര്‍ട്ടിയുമായി യാതൊരു വിധ ബന്ധവുമില്ലെന്നാണ് സിപിഎം നേതൃത്വത്തിന്‍റെ വിശദീകരണം.