പാലക്കാട്: മീൻ വണ്ടിയിൽ ഒളിപ്പിച്ചു കടത്തിയ 2,100 ലിറ്റർ സ്‌പിരിറ്റുമായി രണ്ട് പേര്‍ പിടിയില്‍. പാലക്കാട് എക്സൈസ് ഇന്‍റലിജൻസ് ബ്യൂറോയുടെ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പാലക്കാട് ഐബിയും പാലക്കാട് റേഞ്ച്, സർക്കിൾ, സ്‌ക്വാഡ് ടീമുകളും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് കൊല്ലം സ്വദേശികളായ ശ്യാമപ്രസാദ്(26), രജിത് കുമാർ(32) എന്നിവര്‍ പിടിയിലായത്.
35 ലിറ്ററിന്‍റെ 60 കന്നാസുകളിലായി അഴുകിയ മീനുകൾക്കൊപ്പമാണ് സ്‌പിരിറ്റ് സൂക്ഷിച്ചുവെച്ചിരുന്നത്. തമിഴ്‌നാട്ടിലെ പല്ലടത്ത് നിന്നുമാണ് വാളയാർ അതിർത്തി വഴി സ്‌പിരിറ്റ് കടത്താൻ ശ്രമിച്ചത്. ഒരു വർഷത്തിനിടയിൽ പാലക്കാട് ഐബിയുടെ നേതൃത്വത്തിൽ നടത്തുന്ന അഞ്ചാമത്തെ സ്‌പിരിറ്റ് വേട്ടയാണിത്. പിടികൂടിയ സ്‌പിരിറ്റിന് വിപണിയിൽ പത്ത് ലക്ഷം രൂപ വരെ വില വരും. ബാർ വ്യവസായികൾക്ക് ആവശ്യാനുസരണം എത്തിച്ചു കൊടുക്കാനാണ് പ്രതികൾ സ്‌പിരിറ്റ് കടത്തിയതെന്ന് പൊലീസ് അറിയിച്ചു. ഒരു ഇടവേളക്ക് ശേഷം കേരളത്തിൽ വീണ്ടും സ്‌പിരിറ്റ് മാഫിയ ശക്തമാകുന്നതിന്‍റെ സൂചനയാണ് ഈ അടുത്തിടെ പിടികൂടിയ കേസുകളിലൂടെ വ്യക്തമാകുന്നതെന്ന് എക്സൈസ് ഇന്‍റലിജന്‍സ് ബ്യൂറോ അറിയിച്ചു. എക്സൈസ് ഇൻസ്പെക്‌ടര്‍ വി.അനൂപ് ശ്രീധരൻ, പ്രിവന്‍റീവ് ഓഫീസർമാരായ സി.സെന്തിൽ കുമാർ, ആർ.റിനോഷ്, എം.യൂനുസ്, എം.എസ്.മിനു, കെ.എസ്.സജിത്ത്, സൈദ് മുഹമ്മദ്, സുമേഷ് സിവിൽ ഓഫീസർമാരായ അഭിലാഷ്, ശിവകുമാർ, സൈദ് അൽമാസ്, അഖിൽ, ഷിനോജ്, രതീഷ് കൃഷ്‌ണകുമാർ, സത്താർ എന്നീ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.