പാലക്കാട്: ജില്ലയില്‍ 50 ദിവസമായി അടഞ്ഞു കിടന്ന കള്ള് ഷാപ്പുകൾ തുറന്നു. ജില്ലയിലെ ആകെയുള്ള 809 ഷാപ്പുകളില്‍ വില്‍പന അനുമതിയുള്ള 669 ഷാപ്പുകളാണ് തുറന്നത്. ലൈസൻസ് പുതുക്കുന്ന നടപടി പൂർത്തിയാകാത്തതിനാല്‍ 140 എണ്ണം ഇപ്പോൾ തുറക്കാനാകില്ല. നടപടി പൂർത്തിയായാല്‍ ഇവയ്ക്കും കള്ള് വില്‍ക്കാം. രാവിലെ 9 മണിക്കാണ് ഷാപ്പുകൾ തുറന്നത്. രാത്രി 7 മണി വരെയാണ് പ്രവർത്തന സമയം. ഷാപ്പുകളില്‍ ഇരുന്ന് കുടിക്കാൻ അനുമതിയില്ല. പാഴ്‌സലായി മാത്രമാണ് വില്പന.
ഒരേ സമയം അഞ്ചില്‍ കൂടുതല്‍ പേർക്ക് ഷാപ്പുകളില്‍ നില്‍ക്കാൻ അനുമതിയില്ല. കള്ള് വാങ്ങാൻ വരുന്നവർ മാസ്‌ക് ധിരക്കണം. ഭക്ഷണം ഉണ്ടാക്കാൻ പാടില്ലെന്നും നിർദേശമുണ്ട്. തുറക്കുന്നതിന് മുന്നോടിയായി ഷാപ്പുകളും പരിസരവും ജീവനക്കാർ ചേർന്ന് അണുവിമുക്തമാക്കിയിരുന്നു. കള്ള് ഷാപ്പുകൾ തുറക്കുന്ന പശ്ചാത്തലത്തിൽ വ്യാജ കള്ള് തടയാനും എക്സൈസ് നടപടിയെടുത്തിട്ടുണ്ട്. പാലക്കാട് എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ ചെത്ത് തോട്ടങ്ങളിൽ നിന്നും കള്ള് ചെത്തി വാഹനങ്ങളിൽ കയറ്റി അയക്കുന്ന ജോലികൾക്ക് മേൽനോട്ടം വഹിക്കും. സർക്കിൾ ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിലുള്ള സംഘം വിവിധയിടങ്ങളിലും പരിശോധന നടത്തും.