പാലക്കാട്:തൃത്താലയിൽ സർപ്പദോഷം മാറ്റാമെന്ന് പറഞ്ഞ് യുവതിയുടെ കയ്യിൽ നിന്ന് പണവും സ്വർണ്ണവും വാങ്ങി തട്ടിപ്പ് നടത്താൻ ശ്രമിച്ച മധ്യവയസ്‌കയെ പിടികൂടി. തൃത്താല കുമ്പിടി തിരുവിലുള്ള വീട്ടിൽ വാടകക്ക് താമസിക്കുന്ന യുവതിയുടെ വീട്ടിലെത്തിയ നാടോടിയായ മധ്യ വയസ്ക സർപ്പദോഷം അകറ്റാൻ വീട്ടിൽ സൂക്ഷിച്ച പൊട്ടിയ കമ്മലും പണവും എടുത്തു നൽകാൻ ആവശ്യപ്പെടുകയായിരുന്നു.
മധ്യ വയസ്‌കയായ സ്ത്രീ സ്വർണ്ണവും പണവും കൈക്കലാക്കി ഓട്ടോയിൽ കയറി രക്ഷപ്പെട്ടപ്പോൾ പന്തികേട് തോന്നി യുവതി സമീപത്തെ യുവാക്കളെ വിവരമറിയിക്കുകയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ഓട്ടോ ഡ്രൈവർമാരുടെ സമയോചിത ഇടപെടലിലൂടെയാണ് ഇവരെ പിടികൂടിയത്. ഇവരിൽ നിന്നും തട്ടിയെടുത്ത പണവും സ്വർണവും തിരികെ വാങ്ങി.
ജനങ്ങളെ ചൂഷണം ചെയ്യുന്ന ഇത്തരം തട്ടിപ്പ് സംഘങ്ങൾ നാട്ടിൻപുറങ്ങളിൽ വിലസുമ്പോൾ വഞ്ചിതരാകാതിരിക്കാൻ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് തൃത്താല പൊലീസ് പറഞ്ഞു.