പാലക്കാട്: തിരുവോണം ബംബർ വിൽപ്പന ജില്ലയിൽ തകൃതിയായി തുടരുന്നു. രണ്ട് ലക്ഷം ടിക്കറ്റുകൾ ഇതിനോടകം ജില്ലയില്‍ വിറ്റുകഴിഞ്ഞു. മാത്രമല്ല, സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ടിക്കറ്റ് വിറ്റതും പാലക്കാടാണ്. ജില്ലാ ഓഫീസിൽ 1,20,000 ടിക്കറ്റുകളും ചിറ്റൂർ, പട്ടാമ്പി സബ് ഓഫീസുകളിൽ 80,000 ടിക്കറ്റുകളുമാണ് വിറ്റഴിച്ചത്.
ജൂലൈ 18 മുതലാണ് തിരുവോണം ബംബർ വിൽപ്പന ആരംഭിച്ചത്. 30 ലക്ഷം ടിക്കറ്റുകളാണ് സംസ്ഥാനത്ത് വിൽപ്പനയ്ക്കെത്തിയത്. ഇതിൽ 20 ദിവസങ്ങളിലായി 18 ലക്ഷം ടിക്കറ്റ് വിറ്റുകഴിഞ്ഞു. അതേസമയം, എട്ട് ലക്ഷം ടിക്കറ്റ് വിറ്റഴിക്കാനാകുമെന്നാണ് ജില്ലയുടെ പ്രതീക്ഷ. നറുക്കെടുപ്പിന് ഇനിയും ദിവസങ്ങൾ ഉള്ളതിനാൽ റെക്കോർഡ് വിൽപ്പന പ്രതീക്ഷിക്കുന്നതായി ജില്ലാ ഭാഗ്യക്കുറി ഓഫീസർ കെ എസ് ഷാഹിറ പറഞ്ഞു. കഴിഞ്ഞ തവണയും ഓണം ബംബറിന് മികച്ച പ്രതികരണം കിട്ടിയെന്നും ഇത്തവണയും ഇത് തുടരുമെന്നും അവർ പറഞ്ഞു.
സെപ്തംബർ 18നാണ് തിരുവോണം ബംബർ നറുക്കെടുപ്പ്. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. രാജ്യത്ത് ഒറ്റ ടിക്കറ്റിൽ ഇത്രയും ഉയർന്ന തുക ഒന്നാം സമ്മാനമായി നൽകുന്നതും ഇത് ആദ്യമായാണ്. അഞ്ച് കോടിയാണ് രണ്ടാം സമ്മാനം. ഒരു കോടി വീതം പത്തുപേർക്ക് മൂന്നാം സമ്മാനമായി ലഭിക്കും. മാത്രമല്ല, ഒന്നാം സമ്മാന ടിക്കറ്റ് വിൽക്കുന്ന ഏജന്റിന് രണ്ടര കോടി രൂപ കമ്മീഷൻ ലഭിക്കും. മുൻവർഷം 12 കോടി രൂപയാണ് തിരുവോണം ബംബറിന് ഒന്നാം സമ്മാനമായി നൽകിയത്. കൂടാതെ 126 കോടിയുടെ സമ്മാനമാണ് ഓണക്കാലത്ത് നറുക്കെടുപ്പിലൂടെ നൽകുന്നത്. തിരുവോണം ബംബറിന്‍റെ ടിക്കറ്റ് ഒന്നിന് 500 രൂപയാണ് വില.