പാലക്കാട്: പറളി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ കൊവിഡ് സ്ഥിരീകരിച്ച നഴ്‌സ് രോഗമുക്തി നേടി. നഴ്‌സുമായി സമ്പർക്കത്തിൽ വന്നവരുടെ പട്ടികയിൽ ഉൾപ്പെട്ട ആദ്യ പത്ത് പേരുടെയും ഫലം നെഗറ്റീവാണ്. സമ്പർക്കത്തിൽ വന്ന 144 പേരുടെയും സ്രവം പരിശോധനയ്ക്ക് എടുത്തിട്ടുണ്ട്. രോഗ പ്രതിരോധ കുത്തിവെപ്പിനെത്തിയ പിരായിരിയിലെ 40 കുട്ടികളും അമ്മമാരും, ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർ, ആശാ പ്രവർത്തകർ എന്നിവരുടെയും സ്രവം പരിശോധനയ്ക്ക് എടുത്തു.
കുത്തിവെയ്‌പ്പിനെത്തിയ കുട്ടികളും അവരോടൊപ്പമെത്തിയ അമ്മമാർ ഉൾപ്പെടെയുള്ളവർ നിരീക്ഷണത്തിലാണ്. അണുവിമുക്തമാക്കിയ ശേഷം സാമൂഹ്യ ആരോഗ്യ കേന്ദ്രം കഴിഞ്ഞദിവസം തുറന്നെങ്കിലും പറളി പഞ്ചായത്ത് ഇപ്പോഴും റെഡ് സോണിലാണുള്ളത്.